തിരുവനന്തപുരം: പി ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളി. ഇതോടെ, തല്‍സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ സ്പീക്കര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് സഭ വിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഉടനെ പ്രതിപക്ഷാംഗങ്ങള്‍ ചെന്നിത്തലയുടെ നേതൃത്വത്തില്‍ സഭവിട്ടിറങ്ങി. പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയത്തിന് സഭയില്‍ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ തള്ളുകയാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി പ്രഖ്യാപിച്ചു.
ഡോളര്‍ കടത്ത്, സഭ നടത്തിപ്പിലെ ധൂര്‍ത്ത് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഇതിന് മുന്നോടിയായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഡയസില്‍ നിന്ന് മാറി. ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശിയാണ് സഭ നിയന്ത്രിച്ചത്.
എം. ഉമ്മര്‍ എം.എല്‍.എയാണ് പ്രമേയം അവതരിപ്പിച്ചത്. സ്പീക്കര്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കേണ്ടി വന്നത് ദൗര്‍ഭാഗ്യകരണമാണെന്ന് പറഞ്ഞാണ് ഉമ്മര്‍ എം.എല്‍.എ പ്രമേയം തുടങ്ങിയത്. അതേസമയം, ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രമേയം രാഷ്ട്രീയപ്രേരിതമോ വ്യക്തിപരമോ അല്ലെന്നും സഭയുടെ അന്തസ്സിടിച്ച സ്പീക്കറെ നീക്കണമെന്നും എം. ഉമ്മര്‍ പറഞ്ഞു.
വസ്തുതകളുടെ പിന്‍ബലമില്ലാത്ത പ്രമേയമാണ് അവതരിപ്പിച്ചതെന്നും പ്രതിപക്ഷത്തിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. സംശയത്തിന്റെ പൊടി പോലും അവശേഷിക്കരുതെന്ന് ഭരണപക്ഷത്തിന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് പ്രമേയത്തിന് അവതരണാനുമതി ലഭിച്ചതെന്ന് എസ്. ശര്‍മ്മ പറഞ്ഞു. ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍ പ്രമേയ അവതരണത്തെ പിന്തുണച്ചു.












