കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഭദ്രവും ശക്തവുമായ തെളിവും തുമ്പും ലഭിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അറസ്റ്റ് എന്‍.ഐ.എ ഒഴിവാക്കും. പ്രതിയാക്കാന്‍ തെളിവ് ലഭിച്ചില്ലെങ്കില്‍ അദ്ദേഹത്തെ സാക്ഷിയോ മാപ്പുസാക്ഷിയോ ആക്കുമെന്നാണ് സൂചനകള്‍.
രണ്ടാം ദിവസവും ശിവശങ്കരനെ എന്‍.ഐ.എയുടെ കൊച്ചി യൂണിറ്റ് ഓഫീസില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. തിങ്കളാഴ്ച വൈകിട്ട് ഏഴുവരെ ചോദ്യം ചെയ്തെങ്കിലും നിര്‍ണായകമായ വിവരങ്ങള്‍ എന്‍.ഐ.എക്ക് ലഭിച്ചിട്ടില്ല. അറിയാവുന്ന പല കാര്യങ്ങളും വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറാകുന്നില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവരുടെ സ്വര്‍ണക്കടത്തില്‍ നേരിട്ടോ പരോക്ഷമായോ ബന്ധമുണ്ടോ എന്നതാണ് പ്രധാനമായും എന്‍.ഐ.എ പ്രധാനമായും അന്വേഷിക്കുന്നത്. അടുത്ത വ്യക്തബന്ധം പുലര്‍ത്തിയിരുന്ന പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് ശിവശങ്കരന്‍ അറിഞ്ഞിരുന്നെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
പ്രതികളുടെ മൊഴികളും സാഹചര്യത്തെളിവുകളും ഫോണ്‍ സംഭാഷണങ്ങളും ഡിജിറ്റല്‍ രേഖകളും ഉന്നയിച്ചാണ് ചോദ്യം ചെയ്യല്‍. എന്‍.ഐ.എയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മൗനം പാലിക്കുകയോ നിഷേധനിലപാട് സ്വീകരിക്കുകയുമാണ് തിങ്കളാഴ്ച ശിവശങ്കരന്‍ ചെയ്തത്. ലഭ്യമായ മുഴുവന്‍ തെളിവുകളും സൂചനകളും ശിവശങ്കരന് മുമ്പില്‍ നിരത്തി വ്യക്തത വരുത്താനാണ് ചൊവ്വാഴ്ച ശ്രമിക്കുന്നത്. ഇതില്‍ ശിവശങ്കരന്റെ ബന്ധം ഉറപ്പിക്കാന്‍ കഴിഞ്ഞാല്‍ വൈകിട്ടോടെ അറസ്റ്റുണ്ടാകാം. അല്ലെങ്കില്‍ വീണ്ടും ചോദ്യം ചെയ്യലിനായി വിട്ടയയ്ക്കാനും സാധ്യതയുണ്ട്.
നിയമവഴികള്‍ മനസിലാക്കിയും അഭിഭാഷകന്‍ നല്‍കിയ നിര്‍ദ്ദേശങ്ങളും പാലിച്ചാണ് ശിവശങ്കരന്‍ മറുപടികള്‍ നല്‍കുന്നത്. പിടികൊടുക്കാതെ വഴുതി മാറുന്നതിന് കാരണം ഇതാണെന്നാണ് സൂചനകള്‍. അറസ്റ്റിന് വഴിയില്ലെന്ന അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എസ്. രാജീവിന്റെ പ്രതികരണവും ഇതാണ് വ്യക്തമാക്കുന്നത്.