തിരുവനന്തപുരം: നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കുരുക്കായി സ്വപ്‌നയുടെ മൊഴി. ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്റെ ടീമിനും നയതന്ത്രചാനല്‍ സ്വര്‍ണക്കടത്ത് അറിയാമായിരുന്നുവെന്ന് ഇ.ഡി പറഞ്ഞു. എറണാകുളത്തെ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് ഇ.ഡിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. സ്വപ്‌നയുടെ മൊഴിയുടെ വിശദാംശങ്ങള്‍ ഇ.ഡി കോടതിയില്‍ നല്‍കി. ശിവശങ്കറിനെ ഒരു ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് ഇ.ഡി ആവശ്യപ്പെട്ടു. തുടര്‍ന്ന് ശിവശങ്കറിനെ ഒരു ദിവസം കൂടി ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടു.
ലൈഫ്, കെ ഫോണ്‍ ഇടപാടുകളിലെ അഴിമതി സംബന്ധിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നു. സ്വര്‍ണത്തിന് പുറമെ ഇലക്ട്രോണിക് സാധനങ്ങളും നയതന്ത്രബാഗ് വഴി കടത്തിയെന്ന് ഇ.ഡി അറിയിച്ചു. ശിവശങ്കറിന് എല്ലാം അറിയാമായിരുന്നുവെന്ന് സ്വപ്ന മൊഴി നല്‍കിയെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.
ശിവശങ്കറുമായി അടുപ്പമുള്ള ചിലരെക്കുറിച്ച് സ്വപ്ന മൊഴി നല്‍കി. ഇതില്‍ ഒരാള്‍ ഡൗണ്‍ടൗണ്‍ പ്രോജക്ടുമായി ബന്ധമുള്ളയാള്‍ ആണ്. സന്തോഷ് ഈപ്പന് കെ ഫോണ്‍ ഉള്‍പ്പെടെയുള്ള പദ്ധതികളും വാഗ്ദാനം ചെയ്തിരുന്നു. സന്തോഷ് ഈപ്പനുമായി ശിവശങ്കര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഇ.ഡി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറിന വീണ്ടും ചോദ്യം ചെയ്യണമെന്ന് ഇ.ഡി ആവശ്യപ്പെട്ടു.
ശിവശങ്കറിന് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഇ.ഡി പറഞ്ഞു. സ്വപ്നയെ സാമ്പത്തികമായി സഹായിച്ചതായി ശിവശങ്കര്‍ നേരത്തെ മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് പ്രധാനപ്പെട്ടതാണെന്നും ഇ.ഡി അറിയിച്ചു. ശിവശങ്കര്‍ ഉള്‍പ്പെട്ട സാമ്പത്തിക കുറ്റകൃത്യത്തിന് പിന്നില്‍ വലിയ തലത്തില്‍ വേരൂന്നിയ ഗൂഡാലോചനയുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക നിലയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന കുറ്റകൃത്യത്തിലാണ് ശിവശങ്കര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പൊതുജനവിശ്വാസം സംരക്ഷിക്കേണ്ട ആള്‍ ഇത്തരത്തില്‍ ചെയ്തത് അതീവഗൗരവത്തോടെ കാണണമെന്നും ഇ.ഡി കോടതിയോട് ആവശ്യപ്പെട്ടു.
ലൈഫ് മിഷന്റെ കരാറുകള്‍ സംശയകരമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. 36 പ്രോജക്ടുകളില്‍ 26ഉം രണ്ട് പേര്‍ക്ക് മാത്രമാണ് ലഭിച്ചത്. ടെണ്ടര്‍ നടക്കുന്നതിന് മുന്‍പ് തന്നെ ഈ രഹസ്യ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്‌നയ്ക്ക് നല്‍കി. കെ-ഫോണിന്റെ കാര്യത്തിലും വിവരങ്ങള്‍ സ്വപ്‌നയ്ക്ക് ലഭിച്ചെന്ന് ഇ.ഡി പറഞ്ഞു. ശിവശങ്കറും കോഴയുടെ ഗുണഭോക്താവെന്ന് സ്വപ്‌ന സുരേഷ് മൊഴി നല്‍കിയെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.
സ്വപ്‌നയ്ക്ക് സ്മാര്‍ട്‌സിറ്റി, കെഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളുമായി ബന്ധമുണ്ട്. രഹസ്യവിവരങ്ങള്‍ സ്വപ്‌നയുമായി പങ്കിട്ടതിന് വാട്‌സാപ്പ് ചാറ്റുകള്‍ തെളിവുണ്ട്. സന്തോഷ് ഈപ്പനുമായും ഖാലിദുമായും ശിവശങ്കറിന് ബന്ധമുണ്ട്. ലൈഫ് മിഷന്‍, കെ ഫോണ്‍ കരാറുകളില്‍ യൂണിടാകിനെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചുവെന്നും ഇ.ഡി കോടതിയില്‍ വെളിപ്പെടുത്തി.










