കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായ എം ശിവശങ്കറെ കസ്റ്റംസ് 11 മണിക്കൂര്‍ ചോദ്യംചെയ്തു. ഇന്നലെ രാവിലെ 10 മണിയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിയ ശിവശങ്കര്‍ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായതോടെ രാത്രി ഏറെ വൈകിയാണ് പുറത്തിറങ്ങിയത്. തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി.
ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് കസ്റ്റംസ് ഇന്ന് ചോദിച്ചറിഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം. എം ശിവശങ്കറിന്റെ നിർദേശ പ്രകാരമാണ് യു എഇ കോൺസുലേറ്റ് വഴി എത്തിയ ഈന്തപ്പഴം സാമൂഹിക ക്ഷേമ വകുപ്പ് വിവിധ അനാഥാലയങ്ങൾക്ക് വിതരണം ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കൽ.
ഈന്തപ്പഴ വിതരണത്തിന്റെ മറവിൽ സ്വപ്ന സുരേഷും കൂട്ടുപ്രതികളും സ്വർണക്കളളക്കടത്ത് നടത്തിയോയെന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. മാത്രവുമല്ല ഈന്തപ്പഴ വിതരണത്തിലുണ്ടായ പ്രോട്ടോകോൾ ലംഘനവും കസ്റ്റംസ് പരിശോധിക്കുന്നു. വിവിധ പ്രതികളില്‍നിന്ന് ശേഖരിച്ച വിവരങ്ങളും എം ശിവശങ്കര്‍ ഇന്ന് നല്‍കിയ വിവരങ്ങളും ഒത്തുനോക്കിയശേഷം അദ്ദേഹത്തെ വീണ്ടും വിളിപ്പിക്കണോ എന്നകാര്യത്തില്‍ കസ്റ്റംസ് തീരുമാനമെടുക്കും.
ഇതിനിടെ കളളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ജാമ്യം നൽകരുതെന്ന് എൻഫോഴ്സ്മെന്റ് കോടതിയിൽ ആവശ്യപ്പെട്ടു. പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു എന്നത് ജാമ്യം ലഭിക്കാനുളള കാരണമല്ലെന്നും അന്വേഷണം തുടരുകയാണെന്നുമാണ് നിലപാട്.