മുംബൈ: രാജ്യത്ത് പ്രതിദിനം 25, 000ത്തോളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഗുരുതരവും നിർഭാഗ്യകരവുമെന്ന് ശിവസേന മുഖപത്രമായ സാമ്‌ന. കോവിഡ് കേസുകളുടെ എണ്ണത്തിൽ ലോകത്ത് ഇന്ത്യ മൂന്നാംസ്ഥാനത്ത് എത്തിയതിൽ ആശങ്ക പ്രകടിപ്പിച്ച സാമ്‌ന, 21 ദിവസത്തിനുള്ളിൽ കോവിഡിനെ തുരത്തുമെന്ന പ്രധാനമന്ത്രിയുടെ മുൻ പ്രസ്താവനയെയും വിമർശിച്ചു.
മഹാഭാരത യുദ്ധം 18 ദിവസങ്ങൾക്കുളിൽ അവസാനിച്ചു, കോവിഡിനെതിരായ പോരാട്ടം 21 ദിവസം കൊണ്ട് വിജയിക്കുമെന്നുമായിരുന്നു മോദിയുടെ മുൻ പ്രസ്താവന. എന്നാൽ 100 ദിവസങ്ങൾ പിന്നിട്ടുകഴിഞ്ഞിട്ടും കൊറോണ വൈറസ് നിലനിൽക്കുന്നുവെന്നും ഇതിനെതിരെ പോരാടുന്നവർ ക്ഷീണിതരായെന്നും ശിവസേന മുഖപത്രം പറയുന്നു. വൈറസിനെതിരായ വാക്സിൻ 2021 ന് മുൻപ് ലഭ്യമാകില്ലെന്നും അതുവരെ വൈറസിനൊപ്പം ജീവിക്കേണ്ടി വരും എന്ന് മുന്നറിയിപ്പ് നൽകുന്ന സാമ്‌ന, ഇനി എത്രനാൾ ലോക്‌ഡൗൺ തുടരുമെന്നും ചോദിക്കുന്നു.
ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന മഹാമാരി രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ, വ്യവസായങ്ങൾ, ജീവിതശൈലി തുടങ്ങിയവയെ സാരമായി ബാധിച്ചെങ്കിലും കോവിഡിനെതിരെയുള്ള പോരാട്ടം തുടരേണ്ടത് അനിവാര്യമാനിന്നും സാമ്‌ന മുഖപത്രം വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ശിവസേന നേതാവ് ഉദ്ദവ് താക്കറെ ഭരിക്കുന്ന മഹാരാഷ്ട്രയിലാണ്.