മുംബൈ: ഇന്നലത്തെ ഇടിവില്‍ നിന്നും ഓഹരി വിപണി കരകയറി. വാരാന്ത്യത്തില്‍ വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. യുഎസ് വിപണിയിലുണ്ടായ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. ഇന്നലെ യുഎസ് ഓഹരി വിപണി എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ പുതിയ റെക്കോഡ് സൃഷ്‌ടിച്ചിരുന്നു.
സെന്‍സെക്‌സ് 214 പോയിന്റും നിഫ്‌റ്റി 59 പോയിന്റും ഇടിഞ്ഞു. 38,434 പോയിന്റിലാണ് സെന്‍സെക്‌സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 38,579 പോയിന്റ് വരെ വ്യാപാരത്തിനിടെ സെന്‍സെക്‌സ് ഉയര്‍ന്നിരുന്നു.
11,371 പോയിന്റിലാണ് നിഫ്‌റ്റി ക്ലോസ് ചെയ്‌തത്. വ്യാപാരത്തിനിടെ 11,418 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. വിപണിയില്‍ ഉച്ചക്കു ശേഷം ലാഭമെടുപ്പ് ദൃശ്യമായി. 11,377 എന്ന നിഫ്‌റ്റിയുടെ സുപ്രധാന താങ്ങ് നിലവാരത്തിന് തൊട്ടടുത്തായാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 30 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 20 ഓഹരികള്‍ നഷ്‌ടം നേരിട്ടു. എന്‍ടിപിസി, പവര്‍ഗ്രിഡ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോഴ്‌സ് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. എന്‍ടിപിസി, പവര്‍ഗ്രിഡ്, ഏഷ്യന്‍ പെയിന്റ്‌സ് എന്നീ ഓഹരികള്‍ നാല് ശതമാനത്തിന് മുകളില്‍ ഉയര്‍ന്നു.
ബാങ്ക്, എനര്‍ജി ഓഹരികളാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയത്. നിഫ്‌റ്റി ബാങ്ക് സൂചിക 1.42 ശതമാനം ഉയര്‍ന്നു. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ രണ്ട് ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി. എന്‍ടിപിസി, പവര്‍ഗ്രിഡ് തുടങ്ങിയ എനര്‍ജി ഓഹരികള്‍ നാല് ശതമാനത്തിന് മുകളില്‍ ഉയര്‍ന്നു. അതേ സമയം തുടര്‍ച്ചയായ മുന്നേറ്റത്തിനു ശേഷം മെറ്റല്‍ ഓഹരികള്‍ ഇടിവ് നേരിട്ടു.
സീ ലിമിറ്റഡ്, ഒന്‍ജിസി, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, ടാറ്റാ സ്റ്റീല്‍ എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട അഞ്ച് ഓഹരികള്‍. സീ ലിമിറ്റഡ് നാല് ശതമാനം ഇടിവ് നേരിട്ടു.



















