മുംബൈ: ഓഹരി വിപണി താഴേക്കുള്ള ഗതിയില്‍ തുടരുന്നു. ഇന്ന് സെന്‍സെക്‌സ് 379 പോയിന്റ് ഇടിഞ്ഞു. നിഫ്‌റ്റി 90 പോയിന്റ് ഇടിവ് നേരിട്ടു. ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസമാണ് നഷ്‌ടം രേഖപ്പെടുത്തിയത്. 15,078 പോയിന്റ് വരെ ഇടിഞ്ഞ നിഫ്‌റ്റി 15,119ലാണ് ക്ലോസ് ചെയ്‌തത്. സെന്‍സെക്‌സ് 51,324ല്‍ വ്യാപാരം അവസാനിപ്പിച്ചു.
പൊതുമേഖലാ ഓഹരികള്‍ വിപണിയുടെ പൊതുവെയുള്ള തിരുത്തല്‍ പ്രവണതയില്‍ നിന്ന് വ്യത്യസ്‌തമായി ശക്തമായി ഉയര്‍ന്നു. നിഫ്‌റ്റിയില്‍ ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ ആറ് ഓഹരികളും പൊതുമേഖലാ കമ്പനികളുടേതാണ്.
പൊതുമേഖലാ ബാങ്ക് ഓഹരികള്‍ ഇന്നും മികച്ച നേട്ടമുണ്ടാക്കി. നിഫ്‌റ്റി പൊതുമേഖലാ ബാങ്ക് സൂചിക 5.6 ശതമാനം ഉയര്‍ന്നു. രണ്ട് ദിവസം കൊണ്ട് പത്ത് ശതമാനത്തിലേറെ നേട്ടമാണ് പൊതുമേഖലാ ബാങ്ക് സൂചികയിലുണ്ടായത്. ഇന്നലെയും നിഫ്‌റ്റി പൊതുമേഖലാ ബാങ്ക് സൂചിക അഞ്ച് ശതമാനത്തിന് മുകളില്‍ ഉയര്‍ന്നിരുന്നു. 15 മാസത്തെ ഉയര്‍ന്ന നിലവാരത്തിലേക്കാണ് നിഫ്‌റ്റി പൊതുമേഖലാ ബാങ്ക് സൂചിക എത്തിയത്.
അതേ സമയം സ്വകാര്യ ബാങ്ക് ഓഹരികള്‍ ഇന്നും നഷ്‌ടം നേരിട്ടു. നിഫ്‌റ്റി സ്വകാര്യ ബാങ്ക് സൂചിക 1.13 ശതമാനം ഇടിഞ്ഞു. ഇതേ തുടര്‍ന്ന് ബാങ്ക് നിഫ്‌റ്റി 0.88 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബാങ്ക് നിഫ്‌റ്റി ഇന്ന് ഒരു ഘട്ടത്തില്‍ 36,400 പോയിന്റിന് താഴേക്ക് ഇടിഞ്ഞിരുന്നു. ഓട്ടോ ഓഹരികളും നഷ്‌ടം നേരിട്ടു.
മെറ്റല്‍, ഐടി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. നിഫ്‌റ്റി മെറ്റല്‍ സൂചിക 1.31 ശതമാനവും നിഫ്‌റ്റി ഐടി സൂചിക 1.33 ശതമാനവും ഉയര്‍ന്നു. മിഡ്‌കാപ് സൂചിക 0.5 ശതമാനവും സ്‌മോള്‍കാപ് സൂചിക ഒരു ശതമാനവും നേട്ടം രേഖപ്പെടുത്തി.



















