മുംബൈ: തിങ്കളാഴ്ചത്തെ ഇടിവിനു ശേഷം തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും ഓഹരി വിപണി ശക്തമായ മുന്നേറ്റം നടത്തി. സെന്‍സെക്സ് 437 പോയിന്റും നിഫ്റ്റി 134 പോയിന്റുമാണ് ഇന്ന് ഉയര്‍ന്നത്. സെന്‍സെക്സ് 46,444ലും നിഫ്റ്റി 13,601ലും ക്ലോസ് ചെയ്തു.
ഇന്നലെ നിഫ്റ്റിയിലെ 42 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 8 ഓഹരികള്‍ നഷ്ടത്തിലായി. വിപ്രോ, സിപ്ല, ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ നിഫ്റ്റി ഓഹരികള്‍.
തിങ്കളാഴ്ചത്തെ ഇടിവിനു ശേഷം എല്ലാ മേഖലകളിലെയും ഓഹരികള്‍ വാങ്ങുന്നതിന് നിക്ഷേപകര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. കോവിഡിന്റെ പുതിയ വകഭേദം ഉയര്‍ത്തുന്ന ആശങ്കകളെ മറികടന്ന് വിപണിയിലേക്ക് വീണ്ടും ധനപ്രവാഹം തിരികെയെത്തുന്നതാണ് കാണുന്നത്.
തുടക്കത്തില്‍ അനിശ്ചിതത്വം പ്രകടിപ്പിച്ചതിനു ശേഷം വ്യാപാരത്തിലുടനീളം മുന്നേറ്റ പ്രവണത കാണിച്ച നിഫ്റ്റി വീണ്ടും 13,600ന് മുകളിലേക്ക് ഉയര്‍ന്നു. വ്യാപാരത്തിന്റെ അവസാന മിനുട്ടുകളിലാണ് നിഫ്റ്റി സുപ്രധാന പ്രതിരോധ നിലവാരമായ 13,600ന് മുകളിലേക്ക് ഉയര്‍ന്നത്.
എല്ലാ സെക്ടറുകളും ഇന്ന് നേട്ടം രേഖപ്പെടുത്തി. ഐടി ഓഹരികള്‍ ഇന്നലത്തേതു പോലെ ഇന്നും ശക്തമായ പിന്തുണ വിപണിക്ക് നല്‍കി. വിപ്രോ, ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര തുടങ്ങിയ ഐടി ഇന്‍ഡക്സില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് 52 ആഴ്ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി. വിപ്രോ ഇന്ന് 5.70 ശതമാനം ഉയര്‍ന്നു. നിഫ്റ്റി ഐടി ഇന്‍ഡക്സ് രണ്ട് ശതമാനത്തിലേറെ നേട്ടം രേഖപ്പെടുത്തി.
റിയല്‍ എസ്റ്റേറ്റ് സെക്ടറാണ് ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത്. നിഫ്റ്റി റിയാല്‍റ്റി ഇന്‍ഡക്സ് 3.74 ശതമാനം ഉയര്‍ന്നു. മീഡിയ. പൊതുമേഖലാ ബാങ്ക്, മെറ്റല്‍, എഫ്എംസിജി ഓഹരികളും മികച്ചുനിന്നു.




















