മുംബൈ: തുടര്‍ച്ചയായി എട്ടാമത്തെ ദിവസവും വിപണി മുന്നേറി. അതേ സമയം ഇന്ന് വിപണി കടുത്ത ചാഞ്ചാട്ടം നേരിട്ടു. നിഫ്‌റ്റിയില്‍ 200 പോയിന്റ് വ്യതിയാനം വ്യാപാരത്തിനിടെ ഉണ്ടായി. 12,571 പോയിന്റ് വരെ വ്യാപാരത്തിനിടെ ഇടിഞ്ഞതിനു ശേഷം വീണ്ടും ഉയരുകയായിരുന്നു.
നിഫ്‌റ്റി 12,769 പോയിന്റ് വരെയാണ് ഇന്ന് ഉയര്‍ന്നത്. സെന്‍സെക്‌സ് 43,593 പോയിന്റിലും നിഫ്‌റ്റി 12,749 പോയിന്റിലുമാണ് ക്ലോസ് ചെയ്‌തത്. സെന്‍സെക്‌സ് 316 പോയിന്റും നിഫ്‌റ്റി 118 പോയിന്റും ഉയര്‍ന്നു.
തുടര്‍ച്ചയായ മൂന്നാമത്തെ ദിവസവും ഓഹരി വിപണി റെക്കോഡ് സൃഷ്‌ടിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ റെക്കോഡ് നിലവാരത്തിലേക്ക് എത്തിയ നിഫ്‌റ്റിയും സെന്‍സെക്‌സും ഇന്ന് എക്കാലത്തെയും ഉയര്‍ന്ന പുതിയ നിലവാരം രേഖപ്പെടുത്തി.
ഇന്നത്തെ മുന്നേറ്റത്തില്‍ പ്രധാന സംഭാവന ചെയ്‌തത് മെറ്റല്‍, ഫാര്‍മ ഓഹരികളാണ്. നിഫ്‌റ്റി ഫാര്‍മ സൂചിക 3.59 ശതമാനവും നിഫ്‌റ്റി മെറ്റല്‍ സൂചിക 3.46 ശതമാനവും ഉയര്‍ന്നു. അതേ സമയം ബാങ്കിംഗ് ഓഹരികള്‍ ഇന്ന് ശക്തമായ ചാഞ്ചാട്ടം നേരിട്ടു.
ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍, ഡോ.റെഡ്‌ഢീസ്, ലാബ്, ആക്‌സിസ് ബാങ്ക്, ഏയ്‌ഷര്‍ മോട്ടോഴ്‌സ് തുടങ്ങിയവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ 5 നിഫ്‌റ്റി. ഈ ഓഹരികള്‍ 4 ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 43 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 7 ഓഹരികളാണ് നഷ്‌ടത്തിലായത്. നഷ്‌ടത്തിലായ ചില ഓഹരികളില്‍ ഇടിവ് ശക്തമായിരുന്നു. ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്റസ്‌ട്രീസ് എന്നീ ഓഹരികള്‍ 4 ശതമാനത്തിന് മുകളില്‍ നഷ്‌ടം നേരിട്ടു.










