മുംബൈ: ഓഹരി വിപണിയിലെ മുന്നേറ്റം കടിഞ്ഞാണ്‍ വീഴാതെ തുടരുന്നു. ചാഞ്ചാട്ടം ശക്തമായിരുന്നെങ്കിലും വിപണി ഇന്നും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ പത്താമത്തെ ദിവസമാണ് വിപണി നേട്ടം രേഖപ്പെടുത്തുന്നത്. സെന്‍സെക്‌സ് 158 പോയിന്റും നിഫ്‌റ്റി 31.5 പോയിന്റുമാണ് ഉയര്‍ന്നത്.
നിഫ്‌റ്റി ഇന്ന് രാവിലെ 11,822 പോയിന്റിലേക്ക് ഇടിഞ്ഞെങ്കിലും പിന്നീട് ഈ നിലവാരത്തില്‍ നിന്നും 150 പോയിന്റിലേറെ ഉയരുകയായിരുന്നു. 11,964 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 1,950 പോയിന്റിന് മുകളില്‍ നിലയുറപ്പിക്കാന്‍ നിഫ്‌റ്റിക്ക് സാധിച്ചു. വ്യാപാരത്തിനിടെ 11,997 പോയിന്റ് വരെ ഉയര്‍ന്നിരുന്നു.
40,794 പോയിന്റിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്‌തത്. 40,279.5 പോയിന്റ് വരെ ഇടിഞ്ഞ സെന്‍സെക്‌സ് അവിടെ നിന്നും ശക്തമായ കരകയറ്റം നടത്തി. 40,880 പോയിന്റ് വരെ ഉയര്‍ന്നിരുന്നു.
ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസ് ഓഹരികളാണ് ഇന്ന് പ്രധാനമായും ഉയര്‍ന്നത്. പ്രൈവറ്റ് ബാങ്കുകളുടെയും എന്‍ബിഎഫ്‌സികളുടെയും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെയും ഓഹരികള്‍ നേട്ടം രേഖപ്പെടുത്തി. അതേ സമയം കഴിഞ്ഞ ദിവസങ്ങളില്‍ നേട്ടത്തിലായിരുന്ന ഐടി ഓഹരികള്‍ ഇന്ന് ദുര്‍ബലമായ പ്രകടനമാണ് കാഴ്‌ച വെച്ചത്.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 26 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 24 ഓഹരികളാണ് നഷ്‌ടത്തിലായത്. ബജാജ് ഫിന്‍സെര്‍വ്, എസ്‌ബിഐ ലൈഫ്, ബജാജ് ഫിനാന്‍സ്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. ബജാജ് ഫിന്‍സെര്‍വ്, 4.10 ശതമാനം ഉയര്‍ന്നു. എസ്‌ബിഐ ലൈഫ്, ബജാജ് ഫിനാന്‍സ്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി.
വിപ്രോ, എന്‍ടിപിസി, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ടാറ്റാ മോട്ടോഴ്‌സ് എന്നിവയാണ് ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. വിപ്രോ 7.06 ശതമാനം ഇടിഞ്ഞു. വിപ്രോ ഇന്നലെ പ്രഖ്യാപിച്ച ത്രൈമാസ പ്രവര്‍ത്തന ഫലം വിപണിയുടെ പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് ഇടിവിന് കാരണമായത്. എന്‍ടിപിസി, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ടാറ്റാ മോട്ടോഴ്‌സ് എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തിന് മുകളില്‍ ഇടിവ് നേരിട്ടു.