മുംബൈ: ഓഹരി സൂചികകളായ സെന്‍സെക്‌സും നിഫ്‌റ്റിയും മുന്നേറി. കഴിഞ്ഞ ദിവസത്തെ നഷ്‌ടം നികത്താന്‍ ഇന്നത്തെ വ്യാപാരത്തില്‍ ഓഹരി വിപണിക്ക് സാധിച്ചു. സെന്‍സെക്‌സ് 287ഉം നിഫ്‌റ്റി 81ഉം പോയിന്റ് നേട്ടം രേഖപ്പെടുത്തി.
സെന്‍സെക്‌സ് 39,000 പോയിന്റിന് മുകളിലും നിഫ്‌റ്റി 11,500ന് മുകളിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലേതു പോലെ ചാഞ്ചാട്ടം ദൃശ്യമായിരുന്നെങ്കിലും വ്യാപാരത്തിന്റെ ഒരു ഘട്ടത്തിലും ഇന്നലത്തെ ക്ലോസിംഗ് നിലവാരത്തില്‍ നിന്നും താഴേക്ക് പോയില്ല.
സെന്‍സെക്‌സ് 39,044 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 39,000 എന്ന മനശാസ്‌ത്രപരമായ നിലവാരം മറികടാന്‍ ഇന്നു സെന്‍സെക്‌സിന് കഴിഞ്ഞു. 38,753 പോയിന്റ്‌ആണ് ഇന്നത്തെ താഴ്‌ന്ന വ്യാപാര നില. നിഫ്‌റ്റി 11,521 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 11,442 പോയിന്റ് വരെ ഒരു ഘട്ടത്തില്‍ ഇടിഞ്ഞിരുന്നുവെങ്കിലും 11,500ന് മുകളില്‍ വ്യാപാരം അവസാനിപ്പിക്കാന്‍ സാധിച്ചു.
സൂചികാധിഷ്‌ഠിത ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് ലാഭത്തിലായിരുന്നു. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 31 ഓഹരികള്‍ നേട്ടത്തിലായപ്പോള്‍ 19 ഓഹരികള്‍ നഷ്‌ടത്തിലായി. ഫാര്‍മ, ബാങ്ക് ഓഹരികളാണ് ഇന്ന് പ്രധാനമായും മുന്നേറിയത്. ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, യുപിഎല്‍, സിപ്ല, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് 4.27 ശതമാനം ഉയര്‍ന്നു. യുപിഎല്‍, സിപ്ല, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ്, ഐസിഐസി ഐ ബാങ്ക് എന്നീ സൂചികാധിഷ്‌ഠിത ഓഹരികള്‍ രണ്ട് ശതമാനത്തിലേറെ ഉയര്‍ന്നു.
നിഫ്‌റ്റി ഫാര്‍മ സൂചിക 1.93 ശതമാനം നേട്ടം രേഖപ്പെടുത്തി. ലുപിന്‍, അര്‍ബിന്ദോ ഫാര്‍മ, സിപ്ല, ബയോകോണ്‍, ടോറന്റ് ഫാര്‍മ, സണ്‍ ഫാര്‍മ എന്നീ ഫാര്‍മ ഓഹരികള്‍ രണ്ട് ശതമാനത്തിലേറെ ഉയര്‍ന്നു. നിഫ്‌റ്റി ബാങ്ക് സൂചിക 1.65 ശതമാനം മുന്നേറി. ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയ ബാങ്ക് ഓഹരികള്‍. സ്‌മോള്‍കാപ് ഓഹരികളില്‍ ഇന്നും മുന്നേറ്റം ദൃശ്യമായിരുന്നു.
ടൈറ്റാന്‍ ഇന്റസ്‌ട്രീസ്, മാരുതി സുസുകി, ഐടിസി, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ് നിഫ്‌റ്റിയില്‍ ഏറ്റവും നഷ്‌ടം നേരിട്ട ഓഹരികള്‍.