മുംബൈ: ഇന്നലെയുണ്ടായ ശക്തമായ ഇടിവിനു ശേഷം ഇന്ന് ഓഹരി വിപണിയില്‍ കരകയറ്റം. സെന്‍സെക്‌സ് ഇന്ന് 272 പോയിന്റും നിഫ്‌റ്റി 83 പോയിന്റും ഉയര്‍ന്നു. നിഫ്‌റ്റി 11,470 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 38,900പോയിന്റിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്‌തത്.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 35 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 15 ഓഹരികള്‍ ഇടിവ് നേരിട്ടു. ഭാരതി എയര്‍ടെല്‍, ജെ എസ് ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിനാന്‍സ് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ഭാരതി എയര്‍ടെല്‍ 7.11 ശതമാനം ഉയര്‍ന്നു. ജെ എസ് ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിനാന്‍സ്, എന്‍ടിപിസി, ടാറ്റാ സ്റ്റീല്‍ എന്നീ സൂചികാധിഷ്‌ഠിത ഓഹരികള്‍ നാല് ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.
ടെലികോം കമ്പനികളുടെ എജിആര്‍ കുടിശിക അടയ്‌ക്കുന്നതു സംബന്ധിച്ച സുപ്രിം കോടതി വിധി ഈ മേഖലയിലെ ഓഹരികളില്‍ വ്യത്യസ്‌ത രീതിയിലുള്ള പ്രതികരണമാണ് സൃഷ്‌ടിച്ചത്. ഭാരതി എയര്‍ടെല്ലിന്റെ ഓഹരി ഏഴ് ശതമാനം ഉയര്‍ന്നപ്പോള്‍ വൊഡാഫോണ്‍ ഐഡിയയുടെ ഓഹരി 12 ശതമാനത്തിലേറെ ഇടിഞ്ഞു.
വിപണി ആകാംക്ഷയോടെ കാത്തിരുന്ന വിധിയാണ് ഇന്ന് സുപ്രിം കോടതി പുറപ്പെടുവിച്ചത്. എജിആര്‍ കുടിശിക അടയ്‌ക്കുന്നതിന് പത്ത് വര്‍ഷത്തെ സമയമാണ് സുപ്രിം കോടതി ടെലികോം കമ്പനികള്‍ക്ക് അനുവദിച്ചിരിക്കുന്നത്. ഈ സമയപരിധി 2021 ഏപ്രില്‍ ഒന്നിന് തുടങ്ങും. മാര്‍ച്ച് 31നകം പത്ത് ശതമാനം തുക അടയ്‌ക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 15 വര്‍ഷത്തെ സമയം അനുവദിക്കണമെന്നാണ് സുപ്രിം കോടതിയില്‍ ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നത്. പൊതുവെ വിപണിയില്‍ ഈ വിധി അനുകൂല പ്രതികരണമാണ് സൃഷ്‌ടിച്ചത്.
മെറ്റല്‍ ഓഹരികളാണ് ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്‌ച വെച്ചത്. നിഫ്‌റ്റി മെറ്റല്‍ സൂചിക 3.15 ശതമാനം ഉയര്‍ന്നു. ജെ എസ് ഡബ്ല്യു സ്റ്റീല്‍, ജിന്റാല്‍ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍, സെയില്‍, നാഷണല്‍ അലൂമിനിയം എന്നീ മെറ്റല്‍ ഓഹരികള്‍ നാല് ശതമാനത്തിന് മുകളില്‍ ഉയര്‍ന്നു. നിഫ്‌റ്റി ഫാര്‍മ സൂചിക 2.34 ശതമാനവും നിഫ്‌റ്റി എഫ്‌എംസിജി 1.28 ശതമാനവും നേട്ടം രേഖപ്പെടുത്തി. പ്രമുഖ ഫാര്‍മ ഓഹരിയായ ബയോകോണ്‍ 7.63 ശതമാനം മുന്നേറി.
ഇന്‍ഫ്രാടെല്‍, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, അദാനി പോര്‍ട്‌സ്, ഇന്‍ഫോസിസ് എന്നിവയാണ് നിഫ്‌റ്റിയില്‍ ഏറ്റവും നഷ്‌ടമുണ്ടാക്കിയ ഓഹരികള്‍.