മുംബൈ: കഴിഞ്ഞയാഴ്ചയിലെ തുടര്‍ച്ചയായ ഇടിവിന് ശേഷം ഓഹരി വിപണിക്ക് ഈയാഴ്ച്ചയിലെ ആദ്യദിനത്തില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 173 പോയിന്റും നിഫ്റ്റി 68 പോയിന്റും ഉയര്‍ന്നു. 38,050 പോയിന്റിലാണ് സെന്‍സെക്സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 37,734 പോയിന്റ് വരെ ഇടിഞ്ഞതിന് ശേഷമാണ് ഈ നിലവാരത്തില്‍ സെന്‍സെക്സിന് വ്യാപാരം അവസാനിപ്പിക്കാന്‍ സാധിച്ചത്. താഴ്ന്ന നിലവാരത്തില്‍ നിന്നും 300 പോയിന്റിലേറെ സെന്‍സെക്സ് ഉയര്‍ന്നു.
11,247 പോയിന്റിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. 11,144 പോയിന്റ് വരെ വ്യാപാരത്തിനിടെ താഴ്ന്ന നിഫ്റ്റി അതിനു ശേഷം 100 പോയിന്റിലേറെ ഉയര്‍ന്നു. 11,267 പോയിന്റ് ആണ് നിഫ്റ്റിയുടെ ഇന്നത്തെ ഏറ്റവും ഉയര്‍ന്ന വ്യാപാര നില.
നിഫ്റ്റിയില്‍ ഉള്‍പ്പെട്ട 39 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 11 ഓഹരികള്‍ നഷ്ടം നേരിട്ടു. എന്‍ടിപിസി, എയ്ഷര്‍ മോട്ടോഴ്സ്,സീ ലിമിറ്റഡ്, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്റ്റി ഓഹരികള്‍. എന്‍ടിപിസി 7.47 ശതമാനം നേട്ടം രേഖപ്പെടുത്തി. എയ്ഷര്‍ മോട്ടോഴ്സ്, സീ ലിമിറ്റഡ്, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ഹീറോ മോട്ടോഴ്സ് എന്നിവ നാല് ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.
എസ്ബിഐ, ഭാരതി എയര്‍ടെല്‍, ബിപിസിഎല്‍, റിലയന്‍സ്, ടാറ്റാ മോട്ടോഴ്സ് എന്നിവയാണ് നിഫ്റ്റിയിലെ ഏറ്റവും നഷ്ടം നേരിട്ട അഞ്ച് ഓഹരികള്‍. എസ്ബിഐ 1.55 ശതമാനം ഇടിവ് നേരിട്ടു.
ഓട്ടോമൊബൈല്‍, മെറ്റല്‍ ഓഹരികളാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയത്. നിഫ്റ്റി ഓട്ടോ സൂചിക 2.43 ശതമാനം നേട്ടം രേഖപ്പെടുത്തി. നിഫ്റ്റി ഓട്ടോ സൂചികയില്‍ ഉള്‍പ്പെട്ട 15 ഓഹരികളില്‍ 12 ഉം നേട്ടമുണ്ടാക്കി.
നിഫ്റ്റി മെറ്റല്‍ സൂചിക 2.51 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി മെറ്റല്‍ ഓഹരികള്‍ നേട്ടം രേഖപ്പെടുത്തുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലും കണ്ടത്. ജിന്റാല്‍ സ്റ്റീല്‍ 5.16 ശതമാനവും ഹിന്‍ഡാല്‍കോ 4.46 ശതമാനവും ഉയര്‍ന്നു.