മുംബൈ: ഓഹരി വിപണി ഇന്ന് നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. നിഫ്‌റ്റി 14.5000 പോയിന്റിന് മുകളിലേക്ക് ഉയരാനാകാതെ ശക്തമായ സമ്മര്‍ദം നേരിട്ടു. വ്യാപാരാന്ത്യത്തില്‍ സന്‍സെക്‌സ് 45 പോയിന്റും നിഫ്‌റ്റി 6 പോയിന്റും ഉയര്‍ന്നു. ബാങ്ക്, ഫിനാന്‍സ് ഓഹരികളാണ് ഇന്നും നേട്ടമുണ്ടാക്കിയത്.
ഇന്നലെ യുഎസ് ഓഹരി വിപണി എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ പുതിയ റെക്കോഡ് സൃഷ്‌ടിച്ചിരുന്നു. യുഎസ് വിപണിയിലുണ്ടായ മുന്നേറ്റത്തിന്റെ ചുവടുപിടിച്ചാണ് ഇന്ന് നിഫ്‌റ്റി രാവിലെ 11,500 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്നത്. എന്നാല്‍ പിന്നീട് നിഫ്‌റ്റി 11,423.35 പോയിന്റ് വരെ ഇടിഞ്ഞു. ഒടുവില്‍ 11,472 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 11,550 പോയിന്റിലാണ് നിഫ്‌റ്റിക്ക് അടുത്ത സമ്മര്‍ദമുള്ളത്.
38,843 പോയിന്റിലാണ് സെന്‍സെക്‌സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 39,008.89 പോയിന്റ് വരെ വ്യാപാരത്തിനിടെ സെന്‍സെക്‌സ് ഉയര്‍ന്നിരുന്നു. അതിനു ശേഷം 38,679.67 പോയിന്റ് വരെ ഇടിഞ്ഞെങ്കിലും തിരികെ കയറി.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 16 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 32 ഓഹരികള്‍ നഷ്‌ടം നേരിട്ടു. രണ്ട് ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. വ്യാഴാഴ്‌ച അവധി കരാറുകളുടെ കാലാവധി തീരുന്നതിന് മുമ്പായുള്ള ലാഭമെടുപ്പാണ് പൊതുവെ ഇന്ന് വിപണിയില്‍ കണ്ടത്.
ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഫിനാന്‍സ്, എസ്‌ബിഐ, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ടാറ്റാ മോട്ടോഴ്‌സ് 5.16 ശതമാനം ഉയര്‍ന്നു. ബജാജ് ഫിനാന്‍സ് മൂന്ന് ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി. നിഫ്‌റ്റി ബാങ്ക് സൂചിക 1.13 ശതമാനം ഉയര്‍ന്നു.
ശ്രീ സിമന്റ്‌സ്, ഗെയില്‍, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, ടാറ്റാ സ്റ്റീല്‍ എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട അഞ്ച് ഓഹരികള്‍. ശ്രീ സിമന്റ്‌സ്, ഗെയില്‍ എന്നിവ രണ്ട് ശതമാനത്തിന് മുകളില്‍ ഇടിവ് നേരിട്ടു.



















