മുംബൈ: ഓഹരി വിപണിയിലെ കുതിപ്പിനിടെ സെന്‍സെക്‌സ് ഇന്ന് 50,000 പോയിന്റിന് തൊട്ടരികെയെത്തി. സെന്‍സെക്‌സ് 49,795.19 വരെ ഉയര്‍ന്നതിനു ശേഷം ഓഹരി വിപണി ചാഞ്ചാട്ടത്തിന് അടിപ്പെട്ടു.
പുതിയ റെക്കോഡ് നിലവാരത്തിലെത്തിയ ഓഹരി സൂചിക ഇന്ന് തുടക്കത്തില്‍ ചാഞ്ചാട്ടം നേരിട്ടെങ്കിലും അവസാന മണിക്കൂറുകളില്‍ കരകയറ്റമുണ്ടായി. വ്യാപാരത്തിനിടെ ഉയര്‍ന്ന നിലയില്‍ നിന്നും 200 പോയിന്റിലേറെ നിഫ്‌റ്റി ഇടിവ് നേരിട്ടിരുന്നു. രാവിലെ നൂറ് പോയിന്റിലേറെ നേട്ടത്തോടെ ഓപ്പണ്‍ ചെയ്‌ത നിഫ്‌റ്റി 14653 പോയിന്റ് വരെ ഉയര്‍ന്നതിനു ശേഷം ലാഭമെടുപ്പിന് വിധേയമായി. എന്നാല്‍ ഓരോ ഇടിവും നിക്ഷേപാവസരമായി ഉപയോഗിക്കുന്ന പ്രവണത നിക്ഷേപകര്‍ തുടരുന്നതിനാല്‍ വിപണിയില്‍ ശക്തമായ കരകയറ്റമുണ്ടാകുകയും നേട്ടത്തോടെ തന്നെ ക്ലോസ് ചെയ്യുകയും ചെയ്തു.
പൊതുമേഖലാ ബാങ്ക്, ഓട്ടോ മൊബൈല്‍, ഫാര്‍മ ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. മഹീന്ദ്ര & മഹീന്ദ്രയും എസ്‌ബിഐയും ആണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍.
ബാങ്ക് നിഫ്‌റ്റി ഇന്ന് എക്കാലത്തെയും ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. 32,683 പോയിന്റ് വരെ ഉയര്‍ന്നതിനു ശേഷം ബാങ്ക് നിഫ്‌റ്റി ചെറിയ തോതില്‍ വില്‍പ്പന സമ്മര്‍ദം നേരിട്ടു.
ഭാരതി എയര്‍ടെല്ലിന്റെ ഓഹരി ഇന്ന് രാവിലെ ആറ് ശതമാനം വരെ ഉയര്‍ന്നു. ഭാരതി എയര്‍ടെല്ലിന്റെ സബ്‌സിഡറി കമ്പനികളിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി അടിയന്തിര പ്രാബല്യത്തോടെ 100 ശതമാനമായി ഉയര്‍ത്തുന്നതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചതാണ് ഓഹരി വിലയിലെ കുതിപ്പിന് വഴിയൊരുക്കിയത്.
നിഫ്‌റ്റി ഓഹരികളില്‍ ഭൂരിഭാഗവും നേട്ടത്തിലായിരുന്നു. 26 ഓഹരികള്‍ ലാഭത്തിലായപ്പോള്‍ 24 ഓഹരികള്‍ നഷ്‌ടം നേരിട്ടു.