മുംബൈ: ആറ് ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റത്തിനു ശേഷം ഓഹരി വിപണി ഇന്ന് അതിശക്തമായ ഇടിവ് നേരിട്ടു. സെന്‍സെക്സ് 1406 പോയിന്റും നിഫ്റ്റി 432 പോയിന്റുമാണ് ഇന്ന് ഇടിഞ്ഞത്. സെന്‍സെക്സ് 45,553ല്‍ ക്ലോസ് ചെയ്തു.
നിഫ്റ്റി 13,132 പോയിന്റ് വരെ വ്യാപാരത്തിനിടെ ഇടിവ് നേരിട്ടിരുന്നു. 13,777 പോയിന്റ് വരെ രാവിലെ ഉയര്‍ന്ന നിഫ്റ്റി വ്യാപാരത്തിനിടെ 640 പോയിന്റ് വരെ ഇടിഞ്ഞു. അവസാന മണിക്കൂറുകളില്‍ വീണ്ടും 13,300 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്നു. 13,328 പോയിന്റിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.
ഓഹരി വിപണിയിലെ എല്ലാ മേഖലകളും ഇന്ന് ഇടിവ് നേരിട്ടു. പൊതുമേഖലാ ബാങ്ക്, മെറ്റല്‍, മീഡിയ ഓഹരികളാണ് ഏറ്റവും ശക്തമായ ഇടിവ് നേരിട്ടത്. നിഫ്റ്റി പിഎസ് യു ബാങ്ക് സൂചിക ഏഴ് ശതമാനവും മെറ്റല്‍ സൂചിക ആറ് ശതമാനവും ഇടിഞ്ഞു.
നിഫ്റ്റിയിലെ 50 ഓഹരികളില്‍ ഒന്ന് പോലും ഇന്ന് നേട്ടം രേഖപ്പെടുത്തിയില്ല. ടാറ്റാ മോട്ടോഴ്സ്, ഒഎന്‍ജിസി, ഗെയില്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐഒസി എന്നിവയാണ് ഏറ്റവും ശക്തമായ ഇടിവ് നേരിട്ട നിഫ്റ്റി ഓഹരികള്‍. ടാറ്റാ മോട്ടോഴ്സും ഒഎന്‍ജിസിയും 9 ശതമാനത്തിലേറെ ഇടിവ് നേരിട്ടു.
യുകെയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത് മഹമാരി ഭീതി വീണ്ടും ശക്തിപ്പെടുകയാണെന്ന ആശങ്ക പരത്തിയതാണ് വിപണിയിലെ പൊടുന്നനെയുള്ള തകര്‍ച്ചക്ക് വഴിവെച്ചത്. വിവിധ രാജ്യങ്ങള്‍ ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്ത്യയും ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തുന്നതായി ഇന്ന് അറിയിച്ചു. ഡിസംബര്‍ 31 വരെയാണ് വിമാന സര്‍വീസ് നിര്‍ത്തിവെച്ചത്.
കോവിഡ് വാക്സിന്‍ പുതിയ വൈറസിന്റെ വകഭേദത്തിനെതിരെ എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. യുഎസിലും ബ്രിട്ടനിലും കോവിഡ് രോഗികളുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയനുമായി കരാറില്ലാതെ തന്നെ ബ്രെക്സിറ്റ് സംഭവിക്കാനുള്ള സാധ്യതയും ഓഹരി വിപണിയെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്.