മുംബൈ: ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക് കടക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. വിപണി ഇന്ന് ചാഞ്ചാട്ടത്തിലൂടെയാണ് കടന്നുപോയതെങ്കിലും മുന്നേറ്റ പ്രവണത നിലനിര്‍ത്തി. നിഫ്‌റ്റി 20 പോയിന്റ് നേട്ടത്തോടെ 13,134ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 16 പോയിന്റ് നേട്ടത്തോടെ 44,632ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്‌റ്റി ഒരു ഘട്ടത്തില്‍ 13,200ലെ പ്രതിരോധം മറികടന്നെങ്കിലും അതിന് താഴെയായാണ് ക്ലോസ് ചെയ്‌തത്. വ്യാപാരത്തിനിടെ നിഫ്‌റ്റി 100 പോയിന്റ് ഇടിഞ്ഞു. അതേ സമയം നേട്ടത്തോടെ നിഫ്‌റ്റിക്ക് ക്ലോസ് ചെയ്യാന്‍ സാധിച്ചു. മെറ്റല്‍ ഓഹരികളും പൊതുമേഖലാ ബാങ്ക് ഓഹരികളുമാണ് ഇന്ന് നേട്ടം ഉണ്ടാക്കിയത്. അതേ സമയം സ്വകാര്യ ബാങ്കുകള്‍ വില്‍പ്പന സമ്മര്‍ദം നേരിട്ടു.
നിഫ്‌റ്റിയേക്കാള്‍ മികച്ച നേട്ടം നല്‍കുന്നത് തുടര്‍ന്ന നിഫ്‌റ്റി മെറ്റല്‍ സൂചിക ഇന്ന് 2.31 ശതമാനം ഉയര്‍ന്നു. സെയില്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ 4 ശതമാനത്തിലേറെ ഇന്ന് ഉയര്‍ന്നു.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 35 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 15 ഓഹരികളാണ് നഷ്‌ടത്തിലായത്. മാരുതി സുസുകി, എന്‍ടിപിസി, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, എസ്‌ബിഐ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍.
ഇന്ന് മാരുതിയുടെ ഓഹരി വില ഏഴ് ശതമാനത്തിന് മുകളിലാണ് ഉയര്‍ന്നത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാണ കമ്പനിയായ മാരുതി സുസുകി 1.53,223 കാറുകളാണ് നവംബറില്‍ വിറ്റത്. മുന്‍ വര്‍ഷം നവംബറില്‍ കൈവരിച്ചതിനേക്കാള്‍ 1.7 ശതമാനം വളര്‍ച്ച വില്‍പ്പനയിലുണ്ടായി. മാരുതിയുടെ ഓഹരി കുതിപ്പിലേക്ക് കടക്കാന്‍ ഈ അനുകൂല വാര്‍ത്ത സഹായകമായി.



















