മുംബൈ: ഓഹരി വിപണി ഒരു ദിവസത്തെ ഇടിവിനു ശേഷം വീണ്ടും മുന്നേറ്റത്തിന്റെ പാതയില്‍. സെന്‍സെക്‌സ് ഇന്ന് 127 പോയിന്റും നിഫ്‌റ്റി 34 പോയിന്റും നേട്ടം രേഖപ്പെടുത്തി. സെന്‍സെക്‌സ് 40,685 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 40,811 പോയിന്റ് വരെ ഉയര്‍ന്നിരുന്നുവെങ്കിലും 41,000 എന്ന നിലവാരം മറികടക്കാന്‍ കഴിഞ്ഞില്ല.
നിഫ്‌റ്റി വീണ്ടും 11,900ന് മുകളില്‍ ക്ലോസ് ചെയ്‌തു. ശക്തമായ ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്.
11,974 പോയിന്റ് വരെ ഉയര്‍ന്ന നിഫ്‌റ്റി 12,000 പോയിന്റില്‍ ശക്തമായ പ്രതിരോധമാണ് നേരിട്ടത്. ശക്തമായ ചാഞ്ചാട്ടം മൂലം 11,908 പോയിന്റ് വരെ വ്യാപാരത്തിനിടെ ഇടിയുകയും ചെയ്‌തു. എന്നാല്‍ വ്യാപാരാന്ത്യത്തോടെ 11,930 പോയിന്റിലേക്ക് ഉയര്‍ന്നു.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 29 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 21 ഓഹരികളാണ് നഷ്‌ടത്തിലായത്. മാരുതി സുസുകി, മഹീന്ദ്ര & മഹീന്ദ്ര, ടാറ്റാ സ്റ്റീല്‍, പവര്‍ഗ്രിഡ്, ബജാജ് ഓട്ടോ എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. മാരുതി സുസുകി 4.26 ശതമാനം നേട്ടം രേഖപ്പെടുത്തി. മഹീന്ദ്ര & മഹീന്ദ്ര, ടാറ്റാ സ്റ്റീല്‍, പവര്‍ഗ്രിഡ്, ബജാജ് ഓട്ടോ എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.
പ്രധാനമായും ഓട്ടോമൊബൈല്‍ ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. നിഫ്‌റ്റി ഓട്ടോമൊബൈല്‍ സൂചിക 2.93 ശതമാനം ഉയര്‍ന്നു. മതേഴ്‌സണ്‍ സുമി, ഭാരത്‌ഫോര്‍ജ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ 4 ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി. അതേ സമയം റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ വില്‍പ്പന സമ്മര്‍ദം നേരിട്ടു.
അള്‍ട്രാടെക് സിമന്റ്‌സ്, എച്ച്‌സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഗെയില്‍, ഹിന്‍ഡാല്‍കോ എന്നിവയാണ് ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. അള്‍ട്രാടെക് സിമന്റ്‌സ് 2.44 ശതമാനം ഇടിഞ്ഞു.