ചെന്നൈ: തമിഴ്‌നാട്ടില്‍ എസ്ബിഐയുടെ വ്യാജ ബ്രാഞ്ച് നടത്തിയിരുന്നവര്‍ പിടിയില്‍. വ്യാജ ബ്രാഞ്ച് നടത്തിയിരുന്ന മുന്‍ ബാങ്ക് ജീവനക്കാരുടെ മകനുള്‍പ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പന്‍രുത്തിയിലാണ് സംഭവം. മൂന്നു മാസം മുന്‍പാണ് എസ്ബിഐയുടെ ബ്രാഞ്ചെന്ന പേരില്‍ പന്‍രുത്തിയില്‍ വ്യാജ പണമിടപാട് സ്ഥാപനം ആരംഭിച്ചത്. ആരംഭിച്ച ശാഖയില്‍ ആരും ഇതുവരെ പണം നിക്ഷേപിച്ചിരുന്നില്ല. ബാങ്കിന്‍റെ പേരിലുളള നിക്ഷേപ രസീതുകള്‍, ചെല്ലാന്‍ രസീതുകള്‍ എന്നിവയടക്കുമുളള വ്യാജ രേഖകള്‍ പോലീസ് കണ്ടെടുത്തു.
പന്‍രുത്തിയില്‍ എസ്ബിഐയ്ക്ക് രണ്ട് ബ്രാഞ്ചുകളാണുളളത്. ഒരു ഉപഭോക്താവിന് സംശയം തോന്നി പന്‍രുത്തിയിലെ എസ്ബിഐയിലെ ഒരു മാനേജരോട് മൂന്നാമതൊരു ശാഖയുണ്ടോയെന്ന അന്വേഷിച്ചതോടെയാണ് ബാങ്ക് അധികൃതര്‍ ഇതേക്കുറിച്ച് അന്വേഷിച്ചത്. ഇതോടെയാണ് മൂവരുടെയും തട്ടിപ്പ് വെളിച്ചത്തായത്. മുന്‍ ബാങ്ക് ജിവനക്കാരുടെ മകനായ കമല്‍ ബാബുവായിരുന്നു തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകന്‍. പന്‍രുത്തിയില്‍ പ്രിന്‍റിങ് പ്രസ്സ് നടത്തുന്നയാളും റബ്ബര്‍ സ്റ്റാമ്പുകള്‍ നിര്‍മ്മിക്കുന്നയാളുമാണ് മറ്റു കൂട്ടാളികള്‍. ഇവര്‍ തന്നെയായിരുന്നു ബാങ്ക് ജീവനക്കാരായി ഇവിടെയുണ്ടായിരുന്നതും.