പ്രവാസികള്‍ക്ക് ഇഖാമ, റീ എന്‍ട്രി വിസ എന്നിവ മൂന്ന് മാസത്തേക്ക് നീട്ടിനല്‍കാന്‍ തീരുമാനിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. കോവിഡ് കാലത്ത് പ്രവാസി മലയാളികള്‍ക്കുള്‍പ്പടെ ആശ്വാസകരമാവുന്ന നടപടിയാണ് സൗദി ഗവണ്‍മെന്‍റിന്‍റേത്. സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. നേരത്തെ കോവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഈ മാസം അവസാനിക്കാനിരിക്കെയാണ് മൂന്ന് മാസത്തേക്ക് കൂടി ഗവണ്‍മെന്‍റ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അവധിയ്ക്ക് നാട്ടിലേക്ക് പോയി മടങ്ങി വരാന്‍ സാധിക്കാത്തവര്‍ക്കും കൊറോണയുടെ പശ്ചാത്തലത്തില്‍ വിമാനങ്ങള്‍ റദ്ദ് ചെയ്തതിനാല്‍ തിരിച്ചെത്താനാകാതെ റീ എന്‍ട്രി കാലാവധി കഴിഞ്ഞവര്‍ക്കും റീ എന്‍ട്രി വിസ സൗജന്യമായി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കും. കൂടാതെ ഇഖാമയും പുതുക്കി നല്‍കും. ഇത്തരത്തില്‍ കാലാവധി നീട്ടിനല്‍കുന്നവയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും. 209590 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇത്തരത്തില്‍ രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായി കൊണ്ടിരിക്കുന്നത് പരിഗണിച്ചാണ് പ്രവാസികളെ കൂടി പരിഗണിച്ച് സൗദി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.