മതേതരത്വം എന്നാല്‍ മതമില്ലായ്മയോ, എന്തിന്, മതവിദ്വേഷം പോലുമോ, ആണെന്നു ധരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒട്ടേറെ പേര്‍ ഇന്ത്യയിലുണ്ട്. അവരില്‍ പലരും യുക്തിവാദികളെന്നു സ്വയം വിശേഷിപ്പിക്കുന്നവരാണ്- രാഷ്ട്രീയമായി ഇന്ത്യയില്‍ ഏറ്റവും യുക്തിശൂന്യമായ ഒരു നിലപാടാണ് അതെങ്കിലും. ജനാധിപത്യ ഭരണകൂടം എല്ലാ മതങ്ങളെയും തുല്യമായി കരുതുകയും അവര്‍ക്ക് തുല്യനീതി നല്കുകയു വേണം എന്നതു ശരി തന്നെ; അത്രത്തോളം ഭരണകൂടങ്ങള്‍ മതമുക്തമായിരിക്കയും വേണം.
എന്നാല്‍ പൌരസമൂഹത്തില്‍ മതേതരത്വത്തെക്കാള്‍ മത സൗഹൃദത്തിനും –ഒപ്പം വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പരസ്പര ധാരണയ്ക്കു മാണ് മുന്‍തൂക്കം നല്‍കേണ്ടത്. വിശാലമായ ആത്മീയത എന്ന സങ്കല്‍പ്പത്തെ മാനിക്കാതെ അതു ചെയ്യുക സാദ്ധ്യമാണെന്നു തോന്നുന്നില്ല. ഒരു പക്ഷേ മഹാത്മാ ഗാന്ധിയാണ് ഇക്കാര്യത്തില്‍ നമ്മുടെ മാതൃകയാവേണ്ടത്. ഗാന്ധിജി തന്‍റേതായ ഒരു ഹിന്ദുമത സങ്കല്പം പുലര്‍ത്തിയിരുന്നു എന്നത് ശരി തന്നെ; എന്നാല്‍ ആ സങ്കല്‍പ്പത്തില്‍ ജാതി, അയിത്തം മുതലായവയ്ക്ക് സ്ഥാനമുണ്ടായിരുന്നില്ല. എല്ലാ തരം മതപരമായ അസഹിഷ്ണുതയ്ക്കും അദ്ദേഹം എതിര്‍ നിന്നു. അദ്ദേഹം ഒരു വര്‍ഗ്ഗീയ വാദിയാല്‍വധിക്കപ്പെട്ടതു പോലും പാക്കിസ്ഥാനു നല്‍കാമെന്നു വാഗ്ദാനം ചെയ്ത പണം നല്‍കാന്‍ ഇന്ത്യ ബാദ്ധ്യസ്ഥമാണെന്നു വാദിച്ച് സത്യഗ്രഹം ചെയ്തതിന്‍റെ പേരിലാണല്ലോ. നമ്മുടെ ഭക്തികവികളെപ്പോലെ ഗാന്ധിയും ഒരു ആചാര വിമര്‍ശകനായിരുന്നു. കുംഭമേളയെ പരാമര്‍ശിക്കുമ്പോള്‍ തീര്‍ഥാടനകേന്ദ്രങ്ങള്‍ക്ക് വിശുദ്ധി നഷ്ടമായി എന്നദ്ദേഹം നിരീക്ഷിക്കുന്നുണ്ട് . ഗാന്ധി ഒരു യജ്ഞവിരോധിയും അയിത്തോച്ചാടനപ്രവര്‍ത്തകനുമായിരുന്നു എന്ന് നമുക്കറിയാം. ‘ജാതിക്കു മതവുമായി ഒരു ബന്ധവുമില്ല; അത് ദേശത്തിന്‍റെയും മനുഷ്യന്‍റെയും നന്മയ്ക്ക് വിരുദ്ധമാണ്’ എന്ന് അദ്ദേഹം പറഞ്ഞു; ‘എനിക്ക് ചാമാറും ബ്രാഹ്മണനും തമ്മില്‍ വ്യത്യാസമില്ല’ എന്നും, ‘ഹിന്ദു മതം അയിത്തം അനുവദിക്കുന്നുവെങ്കില്‍ ഞാന്‍ ആ മതം നിരാകരിക്കും’ എന്നും സംശയമില്ലാതെ പറഞ്ഞു. തന്‍റെ പ്രാര്‍ഥനായോഗങ്ങളില്‍ എല്ലാ മതങ്ങളുടെയും പ്രാര്‍ഥനകള്‍ ചൊല്ലി; മതങ്ങള്‍ പലതുണ്ടാകാം, പക്ഷെ ‘മതം’ ഒന്നേയുള്ളൂ എന്ന് അദ്ദേഹം പ്രസ്താവിച്ചു. ‘എന്‍റെ മനസ്സില്‍ ഹിന്ദു, മുസ്ലിം, ക്രിസ്ത്യാനി ഇവര്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല’, ‘ദൈവത്തെ അള്ളാ, ഖുദാ, ആഹൂരാ മസ്ദാ’-ഇങ്ങിനെ എന്തും വിളിക്കാം’ തുടങ്ങിയ പ്രസ്താവങ്ങളും നോക്കുക.
വാസ്തവത്തില്‍ ഇതാണ് നാം ഇന്ന് ഉയര്‍ത്തിപ്പിടിക്കേണ്ട ഇന്ത്യയുടെ പാരമ്പര്യം, മറിച്ചുള്ള സങ്കുചിതത്വത്തിന്‍റെ ഭൂതകാലമല്ല. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം മതസംവാദത്തിന്‍റെയും സമന്വയത്തിന്‍റെയുമാണ്. നമ്മുടെ തത്വചിന്ത, സാഹിത്യം, സംഗീതം, നൃത്തം, നാടകം , ശില്‍പ്പം, ചിത്രം, വാസ്തുശില്‍പ്പം, കാവ്യ മീമാംസ, സൗന്ദര്യശാസ്ത്രം ഇങ്ങിനെ ഏതിന്റെ ചരിത്രം നോക്കിയാലും ഈ കൊടുക്കല്‍- വാങ്ങലുകള്‍ കാണാം. ഹിന്ദു ക്ഷേത്രങ്ങള്‍, -ബുദ്ധ- ജൈന വിഹാരങ്ങള്‍, സ്തൂപങ്ങള്‍, ക്രിസ്ത്യന്‍ ഗോഥിക് പള്ളികള്‍, പേഴ്സ്യന്‍-ഇന്ത്യന്‍ വാസ്തുശില്‍പ്പങ്ങള്‍ സമന്വയിക്കുന്ന മുസ്ലീം പള്ളികള്‍ , മൊഗള്‍ മിനിയേച്ചര്‍ ചിത്രകല, പല തരം മിഥോളജികള്‍, മിഷനറിമാര്‍ ഇന്ത്യന്‍ഭാഷകള്‍ക്ക് നല്‍കിയ നിസ്തുലമായ സേവനങ്ങള്‍, ഉര്‍ദുവും കാഷ്മീരിയും പോലെ പേഴ്സ്യന്‍ സ്വാധീനമുള്ള ഭാഷകള്‍ , എല്ലാ വിഭാഗങ്ങളിലുമുള്ളവര്‍ ഇന്ത്യന്‍ സാഹിത്യത്തിനും ദര്‍ശനത്തിനും കലകള്‍ക്കും നല്‍കിയ സംഭാവനകള്‍- ഇതെല്ലാം ചേര്‍ന്നാണ് ഇത്ര വിവിധവും സമ്പന്നവുമായ ഒരു സംസ്കാരം നമുക്ക് നല്‍കിയത്.
രാമഭക്തരായിരുന്ന കബീറിന്‍റെയും റഹീമിന്‍റെയും, കൃഷ്ണഭക്തരായിരുന്ന രസഖാന്‍റെയും സലബേഗായുടെയും നാടാണിത്. ശൈവ-സൂഫി കവയിത്രിയായ ലാല്‍ ദെദ്‍, ലല്ലേശ്വരി എന്നും ലല്ലാ ആരിഫാ എന്നുമുള്ള പേരുകളില്‍ ഹിന്ദുക്കളാലും മുസ്ലീങ്ങളാലും ആരാധിക്കപ്പെടുന്ന നാട് . സൂഫിവര്യര്‍ ഋഷികള്‍ ആയി അറിയപ്പെടുന്ന കാശ്മീര്‍ ഇന്ത്യയിലാണ് . ഹസ്രത് നിസാമുദീന്‍ ദര്‍ഗയില്‍ ദീവാളി ആഘോഷിക്കുന്ന, അജ്മീരിലെ മൊയ്നുദീന്‍ ചിഷ്തിയുടെ ദര്‍ഗ്ഗയിലും ഔറംഗാബാദിലെ ഷാ ഷരീഫ് ദര്‍ഗയിലും ഷിര്‍ദിയിലെ സായിബാബയുടെ കേന്ദ്രത്തിലും ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നിച്ചു ആരാധന നടത്തുന്നു. ഗുജറാത്തിലെ പിറാനയില്‍ ഇമാം ഷാ ബാബാ മസ്ജിദ് നോക്കി നടത്തുന്നത് ഹിന്ദുക്കളായ പട്ടേല്‍മാരാണ്. കച്ചിലെ ജാട്ടുകള്‍ ദുര്‍ഗയെ ആരാധിക്കുന്ന മുസ്ലീങ്ങളാണ്. രാജസ്ഥാനിലെ ഗോഗാ മോര്‍ഹി ക്ഷേത്രത്തിനു മുന്നില്‍ കല്ലില്‍ ‘അല്ലാഹുവിനു സ്തുതി’ എന്ന് എഴുതി വെച്ചിരിക്കുന്നു. ജയ്സല്‍മേറിലെ പാട്ടുകാരായ ‘മങ്ങണിയാര്‍’ മീരാഭജനുകളും ബുള്ളേ ഷായുടെ കവിതകളും ഒരേ പോലെ ചൊല്ലുന്നു. അമര്‍ നാഥ് ക്ഷേത്രം കണ്ടു പിടിച്ചത് പഹല്‍ഗാവിലെ ആദം മാലിക് ആണ്; കുച്ചിപ്പുടി നൃത്തഗ്രാമം സ്ഥാപിച്ചത് ഇബ്രാഹിം കുത്തുബ് ഷാ.
ഗുരു നാനാക്കിന്‍റെ ആദി ഗ്രന്ഥത്തില്‍ ഗീതയിലും ഖുര്‍-ആനിലും ബൈബിളിലും സെന്തവസ്തയിലും നിന്നുള്ള ഉദ്ധരണികളുണ്ട്. ശ്രീരാമകൃഷ്ണന്‍ മുതല്‍ കബീറും ഗാന്ധിയും ഷാ അബ്ദുല്‍ ലത്തീഫും വരെ, എല്ലാ മതങ്ങളും ഒരേ ഈശ്വരനില്‍ എത്തിച്ചേരുന്നു എന്ന് വിശ്വസിച്ചവരുടെ നാടാണിത്. അക്ബര്‍ ചക്രവര്‍ത്തി ദീന്‍- ഇലാഹിയിലൂടെ മതസമന്വയം തേടിയ നാട്. സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്തപ്പോള്‍ കുഞ്ഞാലി മരയ്ക്കാന്മാര്‍ തൊട്ട് വക്കം മൌലവിയും സര്‍ സയിദും മൌലാനാ അബുള്‍ കലാം ആസാദും ഗാഫര്‍ ഖാനും വരെയുള്ളവര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ നാട് . മുസ്ലീം പണ്ഡിതര്‍ സംസ്കൃതത്തില്‍ നിന്ന് പെഴ്സ്യനിലെക്കും ബ്രാഹ്മണ പണ്ഡിതര്‍ പേഴ്സ്യനില്‍നിന്ന് സംസ്കൃതത്തിലേക്കും മഹാ കൃതികള്‍ മൊഴി മാറ്റിയ ഇടം. വേദ-ശാസ്ത്രപാരംഗതനായ അമീര്‍ ഖുസ്രു , പഞ്ചതന്ത്രം അറബിയിലാക്കിയ അബ്ദുല്ലാ ഇബ്ന്‍ അല്‍ മുസ്തഫ , മഹാഭാരതഭാഗങ്ങളും രാജതരംഗിണി യും പേഴ്സ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത ഫിറോസ് ഷാ തുഗ്ലക്ക് …..അങ്ങിനെ സാംസ്കാരിക സമന്വയത്തിന്‍റെ പ്രയോക്താക്കളായ എത്രയോ പേര്‍ ഇവിടെ വളര്‍ന്നു! ഇക്ബാലിനും കബീറിനും ശങ്കരാചാര്യര്‍ക്കും ശ്രീനാരായണ ഗുരുവിനും അദ്വൈത ചിന്ത ഒരു പോലെ വഴങ്ങിയിരുന്നു. അംബേദ്‌കര്‍ ബുദ്ധദര്‍ശനത്തെ അടിത്തട്ടിലെ മനുഷ്യരുടെ മോചനത്തിന്‍റെ തത്വചിന്തയായി കണ്ടു. ഇന്ന് വിഭജനത്തിന്‍റെയും വിദ്വേഷത്തിന്‍റെയും വക്താക്കള്‍ക്കെതിരെ നാം ഉയര്‍ത്തിപ്പിടിക്കേണ്ടത് സംവാദത്തിന്‍റെയും സമന്വയത്തിന്‍റെയുമായ ഈ പാരമ്പര്യമാണ്.