തിരുവനന്തപുരം: കണ്ണൂര്‍ മയ്യില്‍ സിപിഐഎം നടത്തിയ കൊലവിളി മുദ്രാവാക്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. സണ്ണി ജോസഫ് എംഎല്‍എയാണ് സഭ നിര്‍ത്തിവച്ച് വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
എന്നാല്‍ വിഷയം പ്രദേശികമാണെന്നും അടിയന്തരമായി ചര്‍ച്ച ചെയ്യേണ അവശ്യമില്ലെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിലപാട് സ്വീകരിച്ചു. അടിയന്തരപ്രമേയത്തിന് അനുമതിയും അദ്ദേഹം നിഷേധിച്ചു.ഇതോടെ സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വയ്ക്കുകയും തുടര്‍ന്നു സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. 14-ാം നിയമസഭയുടെ അവസാന സമ്മേളനത്തില്‍നിന്നുമാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.
തദ്ദേശ തെരഞ്ഞെടുപ്പിനിടെ ചെറുപഴശ്ശി സ്‌കൂള്‍ ബൂത്ത് ഏജന്റ് പി.പി. സുബൈറിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ സിപിഐഎം മയ്യില്‍ ചെറുപഴശ്ശിയില്‍ നല്‍കിയ സ്വീകരണത്തിലാണ് കൊലവിളി മുദ്രാവാക്യം മുഴക്കിയത്.
പാണക്കാട്ടില്‍ പോകേണ്ട ട്രെയിനിംഗൊന്നും കിട്ടേണ്ട, ഓര്‍ത്തു കളിച്ചോ തെമ്മാടികളെ. കൊല്ലേണ്ടോനെ കൊല്ലും ഞങ്ങള്‍ തല്ലേണ്ടോനെ തല്ലും ഞങ്ങള്‍ കൊന്നിട്ടുണ്ടീ പ്രസ്ഥാനം എന്നായിരുന്നു മുദ്രാവാക്യം.