ശബരിമലയിൽ തുലാമാസ പൂജയ്ക്ക് ദർശനത്തിന് വെർച്വൽ ക്യു സംവിധാനം ഇന്നു രാവിലെ പ്രവർത്തനക്ഷമമാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വടശേരിക്കര, എരുമേലി പാതയിലൂടെ മാത്രമേ പ്രവേശനം ഉണ്ടാകൂ. പമ്പാ നദിയിൽ കുളിക്കാൻ അനുവാദം ഉണ്ടായിരിക്കില്ല. 16 മുതൽ 21 വരെയാണ് തുലാമാസ പൂജ.
തുലാമാസ പൂജയ്ക്കായി ശബരിമല നട തുറക്കുന്നതിനൊപ്പം എരുമേലിയിലും കോട്ടയം ജില്ലയിലെ മറ്റ് ഇടത്താവളങ്ങളിലും കലക്ടർ എം. അഞ്ജന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
- ഈ മാസം 16 മുതൽ 20 വരെയാണ് നിയന്ത്രണങ്ങൾ. എരുമേലിയിലും ഇടത്താവളങ്ങളിലും വിരിവയ്ക്കാൻ തീർഥാടകരെ അനുവദിക്കില്ല.
- 5 പേരിൽ അധികമുള്ള പേട്ടതുള്ളൽ, ഘോഷയാത്രകൾ നിരോധിച്ചു. വേഷങ്ങളും മറ്റും വാടകയ്ക്ക് എടുക്കാനും പാടില്ല.
- മണിമല, മീനച്ചിൽ ആറുകൾ, കുളിക്കടവുകൾ, ജല സ്രോതസ്സുകൾ എന്നിവയിൽ തീർഥാടകർ ഇറങ്ങരുത്.
- എരുമേലി വലിയ തോടിനു സമീപത്തുള്ള ഷവർ ഒഴിവാക്കും. മണിമലയാറ്റിലേക്കു വെള്ളം ഒഴുകുന്നതാണ് കാരണം. ഈ ഷവറുകൾ മാറ്റി സ്ഥാപിക്കും.
- അന്നദാനം അത്യാവശ്യക്കാർക്കു മാത്രം. വാഴയിലയിൽ മാത്രം കൊടുക്കാം.
- ശുചിമുറി ഉപയോഗം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്.
- തീർഥാടകർക്ക് ആവശ്യമെങ്കിൽ ആന്റിജൻ ടെസ്റ്റ് നടത്തും.