പത്തനംതിട്ട: മണ്ഡല പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എ.കെ സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ശബരിമല മേല്‍ശാന്തി വി.കെ ജയരാജ് പോറ്റി, മാളികപ്പുറം മേല്‍ശാന്തി എം.എന്‍ രാജികുമാര്‍ എന്നിവരുടെ അഭിഷേക ചടങ്ങുകള്‍ ഞായറാഴ്ച തന്നെ പൂര്‍ത്തിയാക്കും.
അതേസമയം തിങ്കളാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ദര്‍ശനം. ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കും സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും 24 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ആരോഗ്യവകുപ്പ് പുറത്തിറക്കിയ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും ഭക്തര്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.