മുംബൈ: റിസര്‍വ് ബാങ്കിന്റെ ധന നയ കമ്മിറ്റി റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ നാല് ശതമാനത്തില്‍ തുടരാന്‍ തീരുമാനിച്ചു. പണപ്പെരുപ്പ നിരക്ക് ലക്ഷ്യമിട്ട പരിധിയില്‍ തന്നെ നിര്‍ത്തുന്നതിനും മഹാമാരിയുടെ പ്രഭാവം സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിച്ച ആഘാതം മറി കടക്കുന്നതിനും വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കുന്നതിനും വേണ്ടിയുള്ള ധന നയം തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു. ഫെബ്രുവരിയ്ക്ക് ശേഷം ആര്‍ബിഐ റിപ്പോ നിരക്ക് 115 അടിസ്ഥാന പോയിന്റുകളില്‍ കുറവ് വരുത്തിയിരുന്നു. മറ്റൊരു 25 ശതമാനം കൂടെ കുറയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു സാമ്പത്തിക വിദഗ്ദ്ധര്‍.നിലവിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ചുരുങ്ങുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
2020-21 സാമ്പത്തിക വര്‍ഷം മുഴുവനായി എടുത്താലും വളര്‍ച്ചാ നിരക്ക് നെഗറ്റീവ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലാവസ്ഥയില്‍ തുടരുന്നുവെന്നും കോവിഡ് കേസുകളിലുണ്ടാകുന്ന വര്‍ദ്ധനവ് സമ്ബദ് വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ ലക്ഷണങ്ങളെ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.പണപ്പെരുപ്പം രണ്ടാം പാദത്തില്‍ വര്‍ദ്ധിക്കുമെന്ന് ധനനയ കമ്മിറ്റി വിലയിരുത്തി. മെയ് 22-നാണ് ആര്‍ബിഐ റീപ്പോ നിരക്ക് കുറച്ചത്. വായ്പ നല്‍കുന്നതിലെ മുന്‍ഗണന മേഖലയില്‍ മാറ്റം വരുത്താനും ആര്‍ബിഐ തീരുമാനിച്ചു. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് മുന്‍ഗണന മേഖലയില്‍ ഉള്‍പ്പെടുത്തി വായ്പ അനുവദിക്കും.