അബുദബി: യു.എ.ഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കാനും മറ്റുമുള്ള അപേക്ഷകള്‍ ബി.എല്‍.എസ് സെന്ററുകളില്‍ സമര്‍പ്പിക്കാനുള്ള അധികാരം കമ്പനി പബ്ലിക് റിലേഷന്‍ ഓഫിസര്‍മാര്‍ക്കുകൂടി (പി.ആര്‍.ഒ) നല്‍കി.അബുദബി എമിറേറ്റിലെ അല്‍ റുവൈസ് ഉള്‍പ്പെടെയുള്ള വിദൂര പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് പകര്‍ച്ചവ്യാധിമൂലം അബുദബിയിലെ ബി.എല്‍.എസ് കേന്ദ്രത്തില്‍ പാസ്പോര്‍ട്ട് പുതുക്കുന്നതിന് എത്തിച്ചേരാനാവാത്ത സാഹചര്യത്തിലാണ് എംബസിയുടെ പുതിയ നടപടി.
അപേക്ഷകള്‍ നേരിട്ട് സമര്‍പ്പിക്കാനുള്ള പ്രയാസവും പ്രതിസന്ധിയും പരിഗണിച്ചാണ് കമ്പനി പബ്ലിക് റിലേഷന്‍ ഓഫിസര്‍മാര്‍ വഴി പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അംഗീകാരം ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം നല്‍കിയത്.കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ നേരിട്ട് ബി.എല്‍.എസ് കേന്ദ്രത്തില്‍ എത്തുന്നത് നേരത്തെ ഒഴിവാക്കിയിരുന്നു. ബി.എല്‍.എസ് കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാനും മതിയായ സാമൂഹിക അകലം പാലിച്ച് സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പ്രത്യേക വിഭാഗത്തിന് ഈ സൗകര്യം നല്‍കി.എന്നാല്‍, നിലവിലെ പ്രത്യേക സാഹചര്യത്തില്‍ എല്ലാ വിഭാഗം ജീവനക്കാരുടെയും പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ അവരുടെ കമ്പനി പി.ആര്‍.ഒ വഴി സമര്‍പ്പിക്കാനുള്ള തീരുമാനം എടുത്തത് സുരക്ഷ മുന്‍നിര്‍ത്തിയാണ്. തൊഴില്‍ ഉടമ, സീനിയര്‍ മാനേജ്‌മെന്റ്, സി.ഇ.ഒ, എം.ഡി മുതലായവര്‍ അധികാരപ്പെടുത്തി പി.ആര്‍.ഒ ജോലി ചെയ്യുന്നവര്‍ക്ക് അടുത്തുള്ള ബി.എല്‍.എസ് സെന്ററില്‍ കമ്പനി ജീവനക്കാരുടെ അപേക്ഷകള്‍ സമര്‍പ്പിക്കാം.
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍
- അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കമ്പനി പി.ആര്‍.ഒ ആയി അധികാരപ്പെടുത്തിയതാണെന്നു കാണിക്കുന്ന ഔദ്യോഗിക കത്ത് ബന്ധപ്പെട്ട തൊഴിലുടമയോ കമ്പനിയോ എംബസിക്ക് നല്‍കണം.
- വ്യക്തിഗത പാസ്‌പോര്‍ട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ പി.ആര്‍.ഒയെ ചുമതലപ്പെടുത്തി അപേക്ഷ സമര്‍പ്പിക്കുന്നത് അംഗീകരിക്കുന്നതായി കാണിക്കുന്ന ഒരു കത്ത് ജീവനക്കാരനും നല്‍കണം.
- പി.ആര്‍.ഒ ആണെന്നു വ്യക്തമാക്കുന്ന യോഗ്യത പത്രങ്ങളോ തിരിച്ചറിയല്‍ കാര്‍ഡോ പ്രമാണങ്ങളോ അപേക്ഷ സമര്‍പ്പിക്കുന്നതോടൊപ്പം ഹാജരാക്കണം.
- പാസ്‌പോര്‍ട്ട് അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ആവശ്യമായ രേഖകളും ആവശ്യമായ ഫീസ് പണമായും ബി.എല്‍.എസ് കേന്ദ്രത്തിലെ കൗണ്ടറില്‍ അടക്കണം.
- പുതിയതും റദ്ദാക്കിയ പഴയ പാസ്‌പോര്‍ട്ടുകളും വ്യക്തിപരമായി അപേക്ഷകനോ പി.ആര്‍.ഒക്കോ ശേഖരിക്കുന്നതിനുള്ള ഓപ്ഷനും അപേക്ഷയില്‍ തിരഞ്ഞെടുക്കാം.

















