ഹസീന ഇബ്രാഹിം
ഭീതിയുടെ അമ്പരപ്പിൽ നിന്നും ആശ്വാസത്തിന്റെ പഴയ താളത്തിലേക്കാണ് പ്രവാസ ജീവിതം നീങ്ങുന്നത്. അതിഭീകരമാം വിധം ഉയർന്ന കോവിഡ് ഗ്രാഫ് ഗൾഫിൽ താഴ്ന്നു തുടങ്ങി. കഴിഞ്ഞ രണ്ടാഴ്ചയായി അവിടെ നിന്നും പുറത്തു വരുന്നത് ആശ്വാസത്തിന്റെ കണക്കുകൾ. ദുരന്ത മുഖത്തു നിന്നും നാടണയാൻ ധൃതി പിടിച്ചവർ ഇപ്പോൾ മടക്കയാത്ര മാറ്റിവയ്ക്കുന്ന തിരക്കിലാണ് .
കോവിഡ് പശ്ചാത്തലത്തിൽ ആദ്യം യു. എ. ഇ യിൽ നിന്നും കേരളത്തിലേക്ക് ദിവസേന 10 സർവീസുകൾ വരെ നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ അത് ആഴ്ചയിൽ രണ്ടോ മൂന്നോ സർവീസായി ചുരുങ്ങി. ഖത്തറിൽ നിന്നും വന്ദേ ഭാരത് വിമാനങ്ങൾ മാത്രം.ബഹ്‌റൈനിൽ തിരിച്ചെത്തേണ്ടവരുടെ എണ്ണം കുത്തനെ കുറഞ്ഞു. സൗദിയിലും, കുവൈറ്റിലും, ചാർട്ടേർഡ് വിമാനങ്ങളിൽ യാത്രക്കാരില്ല. പ്രവാസികൾക്കിടയിൽ നിലനിന്നിരുന്ന അരക്ഷിതാവസ്ഥ വിട്ടൊഴിയുന്നതിന്റെ ശുഭ സൂചനയാണിത്.
(രോഗമുക്തി നിരക്ക് ഖത്തർ 97%, ബഹ്‌റൈൻ 88%, യു. എ. ഇ 87.22%, കുവൈറ്റ് 82.5%, സൗദി 82% )
ഗൾഫ് രാജ്യങ്ങളിൽ രോഗ മുക്തി നേടുന്നവരുടെ എണ്ണം ആശ്വാസകരമാം വിധം ഉയർന്നിട്ടുണ്ട്. ഇന്നലെ രോഗമുക്തരായവരുടെ എണ്ണം 50000 കടന്ന ആഹ്ലാദത്തിലാണ് യു.എ. ഇ. രാജ്യത്തെ രോഗമുക്തി നിരക്ക് 87.22 % ഉയർന്നതായി അധികൃതർ വ്യക്തമാക്കി. രണ്ടാഴ്ചയിലേറെയായി ഇവിടെ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരേക്കാൾ കൂടുതൽ പേർ രോഗ മുക്തി നേടുന്നുണ്ട്.നിലവിലിപ്പോൾ 6798 പേരാണ് ആകെ രാജ്യത്ത് ചികിത്സയിൽ ഉള്ളത്.
മറ്റ് ആറ് ഗൾഫ് രാജ്യങ്ങളിലുമായുള്ള കോവിഡ് കണക്കുകൾ നോക്കുകയാണെങ്കിൽ സൗദി അറേബ്യയിൽ ആയിരുന്നു മരണനിരക്ക് ഏറ്റവും കൂടുതൽ.എന്നാൽ ഇക്കഴിഞ്ഞ പത്തു ദിവസങ്ങളിലെ കോവിഡ് റിപ്പോർട്ട് അനുസരിച്ചു രോഗമുക്തി നിരക്ക് ഉയരുകയും മരണനിരക്ക് കുറയുകയും ചെയ്തിട്ടുണ്ട് .രാജ്യത്തെ ആകെ രോഗബാധിതരായ വരുടെ എണ്ണം 260394. അതിൽ 82% പേർ അതായത് 213490 പേർ രോഗമുക്തരായാതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
സൗദിക്ക് പിന്നാലെ ഖത്തറിലായിരുന്നു ഏറ്റവും കൂടുതൽ വൈറസ് ബാധിതർ. അവിടെയും ഇപ്പോൾ രോഗമുക്തി കണക്കുകൾ ഉയർന്നിരിക്കുകയാണ് . ആകെ 108244 പേരാണ് ഖത്തറിലെ ആകെ രോഗബാധിതരെങ്കിൽ 105018 പേർ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് നിലവിൽ ഇപ്പോൾ ചികിത്സയിൽ കഴിയുന്നത് വെറും 3062 ആളുകൾ മാത്രം .
കുവൈറ്റിലും 82.5% ശതമാനം പേർ രോഗമുക്തി നേടിയത് പ്രവാസ ജീവിതത്തിനു ശുഭ പ്രതീക്ഷ നൽകുന്നു .പോസിറ്റീവ് സ്ഥിരീകരിച്ച 61185 പേരിൽ 51520 പേർ രോഗമുക്തരായതോടെ
രാജ്യം കൂടുതൽ ഇളവുകൾ അനുവദിച്ചു തുടങ്ങി. നിയന്ത്രണങ്ങളോടെ പഴയ ദിനചര്യയിലേക്ക് മടങ്ങുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട് .
രാജ്യങ്ങളിൽ ഏറ്റവും കുറവ് മരണനിരക്കും രോഗബാധിതരും ഉള്ളത് ബഹ്റൈനിൽ ആണ്. ഇന്നലെ സ്ഥിരീകരിച്ച കേസുകൾ ഉൾപ്പെടെ 37996 പേരാണ് ബഹ്റൈനിൽ ആകെ രോഗബാധിതർ. അതിൽ 34412പേർ രോഗമുക്തരായിട്ടുണ്ട്. 88% ശതമാനം പേരും രോഗമുക്തി നേടിയതും ശുഭ സൂചനയാണ് .
കോവിഡ് ബാധിതർ 70000 കടന്നതോടെ ഒമാനിൽ 25 മുതൽ വീണ്ടും സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ഇന്നലെ പുറത്തു വന്ന കണക്കുകൾ രാജ്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പുത്തൻ ഉണർവ് നൽകുന്നു. 24 മണിക്കൂറിനിടെ 1099 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 3,427 പേർ കോവിഡിനെ അതിജീവിച്ചു . ലോക് ഡൗണിലേക്ക് കടക്കുന്നതിനു മുൻപായി രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കോവിഡ് മുക്തി നിരക്കാണിത്. ഇതോടെ ഒമാനിൽ രോഗമുക്തരായവരുടെ എണ്ണം 51,349 ആയി ഉയർന്നു .
നിയന്ത്രണങ്ങളോടെ ഘട്ടം ഘട്ടമായി ഗൾഫ് രാജ്യങ്ങൾ ലോക് അഴിച്ചു തുടങ്ങിയിട്ടുണ്ട്. ദുബായിലാണ് ഏറ്റവും ആദ്യം നിയന്ത്രണങ്ങള്‍ മാറ്റിയത്. ആദ്യഘട്ടത്തില്‍ പൊതു ഇടങ്ങളില്‍ പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇതിന് വിലക്കുണ്ടായിരുന്നു. പിന്നീട്, ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ ദുബായ് പിന്‍വലിക്കുകയായിരുന്നു. സെപ്റ്റംബറിൽ നിയന്ത്രണങ്ങളോടെ സ്കൂൾ തുറക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട് .
കുവൈറ്റ് ഓഗസ്ററ് ഒന്നു മുതൽ അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കും. ഇളവുകൾ പ്രഖ്യാപിച്ച എല്ലാ മേഖലയിലും രാജ്യങ്ങൾ കർശന നിയന്ത്രങ്ങളും നിയമങ്ങളും നടപ്പാക്കുന്നുണ്ട്. നിയമങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തി സമൂഹത്തിൽ പ്രരിഭ്രാന്തി പരത്താതെ പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഗൾഫ് മേഖല തുടക്കം മുതൽ നേതൃത്വം നൽകിയത്.