അബുദാബിയിൽ അഞ്ച് മിനിറ്റിനുള്ളിൽ ഫലം ലഭ്യമാക്കുന്ന കോവിഡ് 19 വൈറസ് റാപ്പിഡ് ടെസ്റ്റ് സൗകര്യം തുറന്നു. അതിർത്തി ചെക്ക് പോയിന്‍റിന് മുമ്പായി ഷെയ്ഖ് സായിദ് റോഡിന്‍റെ (ദുബായ്- അബുദാബി റോഡ്) അവസാന എക്സിറ്റിന് സമീപമാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത് . പരിശോധനയ്ക്ക് 50 ദിർഹം ചെലവ് വരും . ഈ ടെസ്റ്റ് വഴി നിമിഷങ്ങൾക്കുള്ളിൽ ഫലം കണ്ടെത്താൻ കഴിയും.എമിറേറ്റിലേക്ക് പ്രവേശിക്കാൻ ലേസർ അധിഷ്ഠിത ഡിപിഐ സാങ്കേതികത നടപ്പാക്കിയിട്ടുണ്ടെന്ന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റിയും ആരോഗ്യ വകുപ്പും അറിയിച്ചു.
കോവിഡ് -19 ടെസ്റ്റ് നെഗറ്റീവ് ആയാൽ അബുദാബിയിൽ പ്രവേശനം അനുവദിക്കും, അതേസമയം പി.സി.ആർ പരിശോധനയിലൂടെ റിസൾട്ട് പോസിറ്റീവായാൽ കൂടുതൽ പരിശോധനയിലേക്ക് വിധേയമാകേണ്ടി വരുമെന്ന് അബുദാബി മീഡിയ ഓഫീസ് ചൊവ്വാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു . പി.സി.ആർ പരിശോധനയ്ക്ക് വിധേയരായവർ അവരുടെ വസതിയിലേക്ക് മടങ്ങുകയും അവരുടെ ഫലങ്ങൾ ലഭ്യമാകുന്നതുവരെ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതിരിക്കുകയും വേണം. അതേസമയം, സാധാരണ കോവിഡ് -19 ടെസ്റ്റിന്‍റെ നെഗറ്റീവ് ഫലമുള്ള യാത്രക്കാർക്ക് ഫലം ലഭിക്കുന്നത് മുതൽ 48 മണിക്കൂറിനുള്ളിൽ പ്രവേശനം അനുവദിക്കുന്നത് തുടരും.
അബുദാബിയിൽ പ്രവേശിക്കാൻ കോവിഡ്-നെഗറ്റീവ് ഫലം നിർബന്ധമാണ്. നെഗറ്റീവ് ടെസ്റ്റ് ഫലങ്ങൾ അതിർത്തിയിലെ അധികാരികൾക്ക് അൽഹോസ്ൻ ആപ്പ് വഴിയോ, ദേശീയ സ്ക്രീനിംഗ് പ്രോഗ്രാമുമായി ബന്ധപ്പെട്ട യു.എ.ഇ യിലെ ഏതെങ്കിലും ആശുപത്രി അല്ലെങ്കിൽ സ്ക്രീനിംഗ് സെന്‍റെറിൽ നിന്നുള്ള ഒരു വാചക സന്ദേശമായോ ലഭിച്ചിരിക്കണം.