കൊല്ലം: കൊട്ടിയത്ത് റംസി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനും ഭര്‍ത്താവ് അസറുദ്ദീനും മുന്‍കൂര്‍ ജാമ്യം. പ്രതി ഹാരീസിന്റെ ജ്യേഷ്ഠനായ അസറുദ്ദീന്റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആത്മഹത്യ ചെയ്ത റംസിയെ ഗര്‍ഭഛിദ്രം നടത്താന്‍ സീരിയല്‍ താരം ലക്ഷ്മി പ്രമോദ് പ്രേരിപ്പിച്ചെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.
വഞ്ചനാകുറ്റത്തിന് സീരിയല്‍ താരത്തെ അറസ്റ്റ് ചെയ്യണമെന്ന് ജസ്റ്റിസ് ഫോര്‍ റംസി എന്ന ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രം ഉള്‍പ്പടെ നടത്തുന്നതില്‍ ലക്ഷ്മി പ്രമോദ് ഗൂഡാലോചന നടത്തിയെന്ന് റംസിയുടെ വീട്ടുകാരും നേരത്തെ പരാതി പെട്ടിരുന്നു.
വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് റംസി ആത്മഹത്യ ചെയ്തത്. ഹാരീസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഹാരീസ് റംസിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി തൂങ്ങി മരിച്ചെന്നുമാണ് പരാതി.