പറ്റ്‌ന: ബോളിവുഡ് യുവനടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിടാനൊരുങ്ങി ബിഹാര്‍ സര്‍ക്കാര്‍. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിഹാര്‍ നിയമസഭയിലെ ഇരുസഭകളിലെയും അംഗങ്ങള്‍ കക്ഷിഭേദമന്യേ ആവശ്യപ്പെട്ടിരുന്നു.
ജൂണ്‍ 14നാണ് സുശാന്തിനെ ബാന്ദ്രയിലെ വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സുശാന്തിന്റേത് ആത്മഹത്യയല്ല, കൊലപാതകമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. കാമുകി റിയ ചക്രവര്‍ത്തിയും കുടുംബത്തിനുമെതിരെ സുശാന്തിന്റെ പിതാവ് പരാതി നല്‍കി. മകന്റെ മരണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് കെ.കെ സിങ് പരാതിയില്‍ പറയുന്നത്. മകന്റെ അക്കൗണ്ടില്‍ നിന്ന് റിയ കോടികള്‍ സ്വന്തമാക്കിയെന്നും പരാതിയില്‍ പറയുന്നു. ആത്മഹത്യ പ്രേരണ അടക്കം കുറ്റങ്ങള്‍ ചുമത്തപ്പെട്ട നടി റിയ ചക്രവര്‍ത്തി ഒളിവിലാണെന്ന ബിഹാര്‍ പൊലീസിന്റെ ആരോപണം അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡെ തള്ളി. ചോദ്യം ചെയ്യലിനായി ബിഹാര്‍ പൊലീസ് ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ലെന്നും നടിയുടെ അഭിഭാഷകന്‍ അറിയിച്ചു.
കേസില്‍ ഇതുവരെ 40 പേരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്.