തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അവധിയെടുത്ത കോടിയേരി ബാലകൃഷ്ണന്റെ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി വേറെ മകന്‍ വേറെ എന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. ഇപ്പോള്‍ എല്ലാം ഒന്നാണെന്ന് എല്ലാവര്‍ക്കും മനസിലായെന്നും ചെന്നിത്തല പറഞ്ഞു.
മകന്റെ പേരിലെ വിവാദങ്ങള്‍ ഏല്‍പ്പിച്ച പരിക്കില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാനാണ് കോടിയേരിയുടെ ശ്രമം. മുഖ്യമന്ത്രി പിണറായി വിജന്‍ കോടിയേരിയുടെ പാത പിന്തുടരുകയാണ് വേണ്ടതെന്നു പറഞ്ഞ ചെന്നിത്തല, മുട്ടാപ്പോക്ക് ന്യായം പറയാതെ സര്‍ക്കാര്‍ പിരിച്ചുവിട്ട് ജനവിധി തേടാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചെന്നും പകരം ചുമതല എ.വിജയരാഘവന്‍ നിര്‍വ്വഹിക്കുമെന്നുമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ മകന്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റിന് പിന്നാലെയാണ് കോടിയേരി അവധിയില്‍ പ്രേശിച്ചിരിക്കുന്നത്. എന്നാല്‍ ബിനീഷിന്റെ വിഷയവുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.











