തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി ധാരണാ പത്രം റദ്ദാക്കിയെന്ന വാദം അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
ഫിഷറീസ് മന്ത്രി ദിവസവും കള്ളം പറയുന്നു. തെളിവ് പുറത്തായപ്പോള്‍ കൂടുതല്‍ കള്ളങ്ങള്‍ പറയുകയാണ്. കേരളത്തിലെ കടല്‍ വില്‍ക്കാന്‍ ആസൂത്രിത ഗൂഢാലോചനയാണ് നടക്കുന്നത്. വ്യവസായ വകുപ്പിന്റെ ധാരണാ പത്രവും റദ്ദാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
ധാരണാ പത്രത്തിന്റെ ഒരു ഭാഗം മാത്രമാണ് റദ്ദാക്കിയത്. ഇഎംസിസിക്ക് സ്ഥലം അനുവദിച്ചത് നിലനില്‍ക്കുന്നുണ്ട്. മത്സ്യനയത്തില്‍ മാറ്റം കൊണ്ടുവന്നത് കൗശല പൂര്‍വമാണ്. ലോകോത്തര ഭക്ഷ്യ വിതരണ കമ്പനികള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.