പാര്‍ട്ടിയും സര്‍ക്കാരും ശരശയ്യയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിക്കാണോ സര്‍ക്കാരിനാണോ കൂടുതല്‍ ദുര്‍ഗന്ധം? ചാനല്‍ ചര്‍ച്ചയില്‍ സിപിഐഎം നേതാക്കള്‍ വിയര്‍ത്ത് ഇറങ്ങിപ്പോകുകയാണെന്നും ചെന്നിത്തല പരിഹസിച്ചു.
എല്ലാം ശിവശങ്കറിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.ലാവലിന്‍ അഴിമതി നടന്നപ്പോഴും പിണറായി ഇത് തന്നെയാണ് ചെയ്തത്. അഴിമതിക്ക് നേതൃത്വം കൊടുക്കുകയും അഴിമതിയില്‍ പങ്കാളികയാവുകയും ചെയ്തിട്ട് ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച മുന്‍ വൈദ്യുത മന്ത്രിയെ കേരളം കണ്ടിട്ടുണ്ട്. ഇപ്പോള്‍ അതേ രീതിയില്‍ ശിവശങ്കറിന്റെ തലയില്‍ മുഴുവന്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയെയാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
21 തവണ സ്വപ്ന കള്ളക്കടത്ത് നടത്തിയപ്പോഴും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ സഹായമുണ്ടായിരുന്നു. അതിനര്‍ഥം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായമുണ്ടായിരുന്നു എന്നാണ്. സ്വര്‍ണക്കടത്തിലും അനുബന്ധമായി വന്ന എല്ലാ അഴിമതി ആരോപണങ്ങളിലും ഒന്നാം പ്രതിയായി നില്‍ക്കുന്നത് മുഖ്യമന്ത്രിയാണെന്ന കാര്യത്തില്‍ സംശയമില്ല. ശിവശങ്കര്‍ കള്ളപ്പണക്കേസില്‍ അഞ്ചാം പ്രതിയാണ്. ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസില്‍ അറസ്റ്റിലുമായി. ഭരണവും പാര്‍ട്ടിയും ട്രിപ്പ് ഇട്ട് കിടക്കുന്ന അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.