തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ എടുത്ത നിലപാടിനുള്ള സാധൂകരണമാണ് ഈ വിധി. വിശ്വാസ സമൂഹത്തിന്റെ വിശ്വാസങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണിത്. ശ്രീപത്മനാഭന്‍റെ സ്വത്തുക്കള്‍ ശ്രീപത്മനാഭന് തന്നെയാണ് എന്ന് അസന്നിഗ്ധമായി കോടതിചൂണ്ടിക്കാട്ടിയിരിക്കുകയാണ്. ഭക്തജനങ്ങളുടെ വിജയമായിട്ടാണ് താന്‍ ഈ വിധിയെ കണക്കാക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ശബരിമല വിഷയത്തിലും വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ കൈക്കൊണ്ടത്. പത്മനാഭ സ്വാമിക്ഷേത്രത്തിന്‍റെ കാര്യത്തിലും അതേ നിലപാട് തന്നെയായിരുന്നു. ഈ നിലപാട് ഇപ്പോള്‍ സുപ്രീംകോടതി പൂര്‍ണ്ണമായും അംഗീകരിച്ചിരിക്കുകയാണ്. സുപ്രിം കോടതി വിധിക്കതിരെ അപ്പീല്‍ പോകേണ്ടതില്ലന്ന വിവേകം സര്‍ക്കാരിനുദിച്ചതില്‍ ആശ്വാസമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.