English हिंदी

Blog

shinos

വികസനമാണ് ജപ്പാന്റെ രാഷ്ട്രീയം, പകയുടെയും വിദ്വേഷത്തിന്റേയും രാഷ്ട്രീയത്തിന് ജപ്പാനില്‍ ഇടമില്ല.. എന്നിട്ടും…

 

വെബ് ഡെസ്‌ക്

 

ഹിരോഷിമയിലും നാഗസാക്കിയിലും വീണ ബോംബുകളുടെ ശബ്ദമായിരുന്നു ആ കറുത്ത ഷോട്ട്ഗണ്ണില്‍ നിന്നു പാഞ്ഞ രണ്ടു വെടിയുണ്ടകള്‍ക്ക്. അണുബോംബ് വര്‍ഷിച്ചുണ്ടായ കൊടിയ മാരക വിഷമായിരുന്നു അവരുടെ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയുടെ പിന്നിലൂടെ തുളഞ്ഞ് മാറുവരെ കയറിയ വെടിയുണ്ടകള്‍ക്ക്.

കാരണം പകയുടെയും കൊലപാതകത്തിന്റേയും രാഷ്ട്രീയം 1930 നു ശേഷമുള്ള ജപ്പാന് അന്യമാണ്. ഷിന്‍സോ അബെയ്ക്ക് വെടിയേറ്റ വാര്‍ത്ത പരന്നതോടെ ജപ്പാന്‍ ജനത പകച്ചുപോയി.

ഉപരിസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം തൊരുവോരത്ത് നടന്ന ഒരു ചെറു റാലിയെ അഭിസംബോധന ചെയ്യുന്നതിന്നിടെയാണ് മുഖാവരണവും അണിഞ്ഞ് ശാന്തനായി പ്രസംഗവും കേട്ടുനിന്ന നാല്‍പതു വയസ്സിനോടടുത്ത് പ്രായം തോന്നിക്കുന്ന അക്രമി അവിടെ എത്തിയത്. പ്രസംഗം കേള്‍ക്കുന്നതിനിടെ തോളിലൂടെ വശങ്ങളിലേക്ക് ഞാഞ്ഞു കിടന്ന കറുത്ത ബാഗില്‍ സൂക്ഷിച്ചിരുന്ന അരയടി മാത്രം നീളം വരുന്ന നാടന്‍ ഷോട്ട്ഗണ്‍ ഉപയോഗിച്ച് രണ്ട് തവണ നിറയൊഴിച്ചു. പ്രസംഗത്തിലെ വാക്കുകള്‍ പാതി മുഴുമിപ്പിക്കും മുമ്പ് അബേയുടെ പിന്നിലൂടെ നെഞ്ചിനുള്ളിലേക്ക് വെടിയുണ്ട തുളച്ചു കയറിയിരുന്നു. രണ്ടാമത്തേത് ശ്വാസനാളിയിലേക്കും.

 

ബോധരഹിതനായി നിലത്തു വീണ അദ്ദേഹത്തിന് അടുത്തു നിന്നവര്‍ പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ ശ്രമിച്ചു. അംഗരക്ഷകര്‍ അക്രമിയെ ഓടിച്ചിട്ടു പിടിച്ചു. ആംബുലന്‍സിനായി പലരും ഫോണ്‍ ചെയ്തു. തെരുവിലെ വേദിയില്‍ ഷിന്‍സോ പ്രസംഗിച്ചു നിന്ന മൈക്കിലൂടെ അനൗന്‍സ്‌മെന്റ് എത്തി. മെഡിക്കല്‍ വിദഗ്ദ്ധര്‍ ആരെങ്കിലും ഇവിടെയുണ്ടെങ്കില്‍ ഷിന്‍സോ വീണുകിടക്കുന്ന തെരുവിലേക്ക് ഓടിഎത്തുക എന്നതായിരുന്നു അനൗണ്‍സ്‌മെന്റ്.

പിന്നീട് ആംബുലന്‍സ് എത്തി അബേയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഒരു വട്ടം ഹൃദയാഘാതവും സംഭവിച്ചു. നിര്‍ണായക മണിക്കൂറുകള്‍. ഒടുവില്‍ ആ ദുഖ വാര്‍ത്തയെത്തി. അബേ മരണത്തിന് കീഴടങ്ങി.

തിരഞ്ഞെടുപ്പുകള്‍ വരും പോകും. പക്ഷേ, ആശയങ്ങളുടെ പേരില്‍ നേതാക്കളെ ഇത്തരത്തില്‍ ഇല്ലായ്മ ചെയ്യുന്നത് നീതികരണമില്ലാത്തതാണ്. മനുഷ്യത്വരഹിതവും. ജപ്പാന്‍ പോലെ വികസനം മാത്രം രാഷ്ട്രീയ അജണ്ടയുള്ള ഒരു രാജ്യത്ത് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടം നടക്കുന്നത് തിരഞ്ഞെടുപ്പുകളില്‍ മാത്രമാണ്.

കുതികാല്‍ വെട്ട്, കാലുവാരല്‍, കുതിരക്കച്ചവടം, രാഷ്ട്രീയ പകയുള്ള കൊലപാതകങ്ങള്‍ എന്നിവ ഒന്നും ജപ്പാന്റെ രാഷ്ട്രീയ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്തതാണ്.

ഇതൊരു ദുരന്തമാണ്. തിരഞ്ഞെടുപ്പെകളും കഴിഞ്ഞ് ഏറെ കാലം ജപ്പാന്റെ രാഷ്ട്രീയത്തില്‍ മായാത്ത കളങ്കമായി അവശേഷിക്കും.

സുരക്ഷിതമായ സമൂഹം എന്ന നിലയില്‍ ജപ്പാന്‍ എന്നും അഭിമാനിച്ചിരുന്നു.വെടിവെപ്പ് പോലുള്ള സംഭവങ്ങള്‍ അപൂര്‍വ്വം, തോക്ക് കൈവശം വെയ്ക്കുന്നതിനുള്ള ലൈസന്‍സ് നിയന്ത്രിതം.

രാഷ്ട്രീയ കൊലപാതകങ്ങള്‍ കേട്ടുകേള്‍വി പോലുമില്ല. ബിസിനസ് പക പോലുള്ള സംഭവങ്ങള്‍ ഒറ്റപ്പെട്ടതാണ്. 2013 ല്‍ ഒരു റെസ്റ്റൊറന്റ് ശൃംഖലയുടെ ഉടമയായ തകായുകി ഒഹിഗാഷിയെ വെടിവെച്ച് കൊന്ന സംഭവം ഏറെക്കാലം ജപ്പാനെ ഇളക്കി മറിച്ചു.

2007 ല്‍ നാഗസാക്കിയില്‍ മേയറെ വെടിവെച്ചു കൊന്ന സംഭവമാണ് ഇതിനു മുമ്പ് നടന്ന ഒരു രാഷ്ട്രീയ കൊലപാതകം.

മാനസികരോഗ്യ കേന്ദ്രത്തിന് തീയിട്ട് 26 അന്തേവാസികള്‍ കൊല്ലപ്പെട്ട സംഭവവും ടോക്കിയോ സബ് വേയില്‍ ഓം ഷിന്‍ റികിയോ എന്ന മതഗ്രൂപ്പ് നടത്തിയ വിഷവാതക ആക്രമണവും ഒക്കെ ഒഴിച്ചു നിര്‍ത്തിയാല്‍ അധികം കുറ്റകൃത്യങ്ങളില്ലാത്ത രാജ്യമാണ് ജപ്പാന്‍,

ഇബറാകിയില്‍ ഒരു സോഫ്ട് വെയര്‍ എഞ്ചിനീയര്‍ 3 ഡി പ്രിന്റിംഗ് ടെക്‌നോളജി ഉപയോഗിച്ച് നിര്‍മിച്ച തോക്ക് കൊണ്ട് സ്വയം നിറയൊഴിച്ച് മരിച്ചതു പോലും ജപ്പാനിലെ വലിയ വാര്‍ത്തയായിരുന്നു. തോക്കിന് ലൈസന്‍സ് ലഭിക്കുന്നതിനും വില്‍പ്പന നടത്തുന്നതിനും കടുത്ത നിയന്ത്രണങ്ങളാണുള്ളത്.

അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തേടെ 3 ഡി പ്രിന്റര്‍ ഉപയോഗിച്ച് തോക്ക് നിര്‍മ്മിച്ചത് രാജ്യത്തെ സുരക്ഷാ സംവിധാനത്തെ ആശങ്കയിലാഴ്ത്തിയിരുന്നു.

തോക്ക്, ബോംബ് എന്നിവയൊക്കെ ആക്രമണങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തന്നെ വിരളം. ഇതിന്നാല്‍, വിഐപി രാഷ്ട്രീയ സംസ്‌കാരം ജപ്പാനില്‍ ഇല്ല. ഇക്കാരണത്താല്‍ മുന്‍ പ്രധാനമന്ത്രിയായ അബേയെ പോലുള്ളവര്‍ തെരുവോരങ്ങളിലോ റെയില്‍ വേ സ്റ്റേഷന്‍ പരിസരത്തോ ഒക്കെ മീറ്റിംഗുകളെ അഭിസംബോധന ചെയ്യുന്നതും സര്‍വ്വസാധാരണമാണ്. ഈ സമയം, കമാന്‍ഡോകളോ, പോലീസോ മറ്റ് സ്വകാര്യ സുരക്ഷാ ഗാര്‍ഡുകളോ ഇവരെ വലയം ചെയ്യുന്നതും പതിവില്ല.

എന്നിരുന്നാലും അബെ പ്രസംഗിച്ചു കൊണ്ടിരുന്ന സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ മൂന്നോ നാലോ പേര്‍ സന്നിഹിതരായിരുന്നു. മാരാകായുധങ്ങള്‍ ഉപയോഗിച്ചും മറ്റും ശാരീരിക ആക്രമണങ്ങള്‍ ഉണ്ടായാല്‍ തടയുന്നതിനായുള്ള ചെറിയ ഒരു സംഘം മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.

മെറ്റല്‍ ഡിറ്റക്ടറോ ബോംബ് സ്‌കാഡോ ഉണ്ടായിരുന്നില്ല. ആംബുലന്‍സോ, വൈദ്യ സഹായ സംഘമോ ഇല്ലായിരുന്നു. ഇതിനു കാരണം ജപ്പാന്റെ രാഷ്ട്രീയത്തിലെ ഇതുവരെയുള്ള കറപുരളാത്ത ചരിത്രം ഒന്നു മാത്രമാണ്. ഇതിനാണ് ഇപ്പോള്‍ മായ്ച്ചാലും മായാത്ത കളങ്കമുണ്ടായിരിക്കുന്നത്.

ലിബറല്‍ ഡെമോക്രാറ്റീവ് പാര്‍ട്ടിയുടെ നേതാവായ അബേ ഒരുവട്ടം കൂടി രാജ്യത്തെ നയിക്കുമെന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ സാമ്പത്തിക -രാഷ്ട്രീയ നയങ്ങളോട് വിയോജിപ്പുള്ള അക്രമി ബാലറ്റിലൂടെ നേരിടാനാകാതെ തോക്കിലൂടെ പരിഹാരം കാണാന്‍ ശ്രമിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയായിരിക്കെ അബേയുടെ നയങ്ങളോട് എതിര്‍പ്പുള്ളവര്‍ പ്രതിഷേധ റാലികള്‍ നടത്തിയിട്ടുണ്ട്. ചിലതെല്ലാം അക്രമത്തിലും കലാശിച്ചിട്ടുണ്ട്. സമരക്കാരില്‍ ഒരാള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

എന്നാല്‍, ദേശീയ നേതാവിനെ ഉന്‍മൂലനം ചെയ്യുന്ന ഹിംസാത്മകമായ മാര്‍ഗം ജപ്പാന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് എതിരാണ്.

ജൂലായ് എട്ട് വെള്ളിയാഴ്ച ജപ്പാന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തീരാകളങ്കമായി എന്നും അവശേഷിക്കും.