ഐ പി എൽ പോയന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാടെ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് ജയം. ഏഴാം സ്ഥാനത്തായിരുന്ന ചെന്നൈ സൂപ്പർ കിംഗ്സിനെ ഏഴ് വിക്കറ്റിനാണ് അവസാന സ്ഥാനക്കാരായ രാജസ്ഥാൻ തോൽപ്പിച്ചത്. തോൽവിയോടെ ചെന്നൈ പോയന്റ് പട്ടികയിൽ അവസാന സ്ഥാനത്തായി. പത്ത് കളികളിൽ നിന്ന് ചെന്നൈയുടെ ഏഴാമത്തെ തോൽവിയാണിത്.
സ്കോർ :
ചെന്നൈ 125/5(20)
രാജസ്ഥാൻ 126/3(17.3)
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ചെന്നൈ തുടർ തോൽവികളിൽ നിന്ന് ഒന്നും പഠിച്ചില്ല എന്ന് വ്യക്തമാക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ ടോപ് സ്കോറർ 35 (30). നായകൻ ധോനി(28), സാം കറൻ(22) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ. റൺസെടുക്കാൻ ബാറ്റ്സ്മാൻമാർ വിഷമിച്ചപ്പോൾ ചെന്നൈയുടെ സ്കോർ 125 റൺസിൽ ഒതുങ്ങി.
തീരെ ചെറിയ വിജയലക്ഷ്യം വലിയ വിയർപ്പൊഴുക്കാതെ മറികടക്കാമെന്ന കണക്കുകൂട്ടലിൽ ഇറങ്ങിയ രാജസ്ഥാൻ്റ തുടക്കവും പിഴച്ചു. മൂന്ന് വിക്കറ്റുകൾ തുടക്കത്തിലേ നഷ്ടപ്പെട്ടു. നാലാം വിക്കറ്റിൽ ഒത്തുചേർന്ന ബട്ട്ലറും സ്മിത്തും ചേർന്നാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. 48 പന്തിൽ 70 റൺസെടുത്ത ബട്ട്ലറാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. സ്മിത്ത് 26 റൺസെടുത്തു. പിരിയാത്ത നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 98 റൺസ് കൂട്ടിച്ചേർത്തു. 16 പന്തുകൾ ബാക്കി നിൽക്കെയായിരുന്നു രാജസ്ഥാന്റെ ജയം.