ന്യൂഡല്‍ഹി: രാജസ്ഥാനില്‍ എംഎല്‍എമാരെ അയോഗ്യരാക്കുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി സ്പീക്കര്‍ പിന്‍വലിച്ചു. ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം പുനരാരംഭിക്കാനിരിക്കെയാണ് സ്പീക്കറുടെ നീക്കം. കേസിന്റെ പേരില്‍ നിയമസഭാ സമ്മേളനം മാറ്റിവെക്കുന്ന സാഹചര്യത്തിലാണ് ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
അതേസമയം, നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെടുന്ന ഫയല്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര മടക്കി അയച്ചു. കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അയച്ച ഫയല്‍ മടക്കിയത്. എംഎല്‍എമാരെ അടച്ചിടരുതെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, കൂറുമാറി കോണ്‍ഗ്രസിലെത്തിയ ആറ് എംഎല്‍എയ്ക്ക് ബിഎസ്പി വിപ്പ് നല്‍കി. സച്ചിന്‍ പൈലറ്റിന്റെ നീക്കത്തില്‍ സമ്മര്‍ദത്തിലായെങ്കിലും 102 എം എല്‍ എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെയും മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെയും നിലപാട്.ആറ് അംഗങ്ങളുള്ള ബി എസ് പിയുടെ പ്രതിനിധികളെ ഉള്‍പ്പെടെ ചേര്‍ത്താണ് കോണ്‍ഗ്രസ് ഇക്കാര്യം ഉന്നയിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്താല്‍ അയോഗ്യരാക്കുമെന്നുമാണ് എം എല്‍ എമാര്‍ക്ക് ബി എസ് പി നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
ആര്‍ ഗുഡ്ഡ, ലഖാന്‍ സിംഗ്, ദീപ് ചന്ദ്,ജെ എസ് അവാന, സന്ദീപ് കുമാര്‍, വാജിബ് അലി എന്നിവര്‍ക്കാണ് ബി എസ് പി ഇപ്പോള്‍ വിപ്പ് നല്‍കിയത്. ആറ് എം എല്‍ എമാര്‍ക്കും നോട്ടീസും നല്‍കിയിട്ടുണ്ട്. ബി എസ് പി ദേശീയ പാര്‍ട്ടി ആയതിനാല്‍ സംസ്ഥാന തലത്തില്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാന്‍ സാധിക്കില്ലെന്നും ഇത് അയോഗ്യതയ്ക്ക് കാരണമാകുമെന്നും ബി എസ് പി ദേശീയ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര പറഞ്ഞു.
200 അംഗ നിയമസഭയാണ് രാജസ്ഥാനിലുള്ളത്. ഇതില്‍ ആറ് എം.എല്‍.എ മാര്‍ ബി.എസ്.പിയില്‍ നിന്നാണ്. ഇവര്‍ നേരത്തേ സംസ്ഥാന കോണ്‍ഗ്രസില്‍ ലയിക്കുന്നതായി പ്രഖ്യാപനം വന്നിരുന്നു. എന്നാല്‍ ലയനം നിയമവിരുദ്ധമാണെന്നും അംഗീകരിക്കുന്നില്ലെന്നുമാണ് ബി.എസ്.പി നല്‍കിയ വിപ്പ് സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ബി ജെ പിക്ക് 75 പേരുടെ പിന്തുണയാണ് നിലവില്‍ ഉള്ളത്.