Web Desk
ലണ്ടന്‍: 30 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടമുയർത്തി ലിവർപൂൾ. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റർ സിറ്റി 2-1ന് ചെൽസിയോട് പരാജയപ്പെട്ടതോടെയാണ് ലിവർപൂൾ കിരീടം ഉറപ്പിച്ചത്. കഴിഞ്ഞ ദിവസം ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത ലിവര്‍പൂളിന് ചെല്‍സി- സിറ്റി മത്സരഫലം സമ്മാനിച്ചത് അവിസ്‌മരണീയ നിമിഷമായിരുന്നു.
ലീഗില്‍ ഏഴ് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയത്. ലീഗിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും മത്സരം അവശേഷിക്കെ ഒരു ടീം കിരീടത്തിലെത്തുന്നത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 22 പോയന്‍റ് ലീഡുണ്ട് ലിവർപൂളിന്. 31 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 28 ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി 86 പോയന്‍റോടെയാണ് ലിവര്‍പൂള്‍ കിരീടം സ്വന്തമാക്കിയത്. റെക്കോഡ് ഇട്ടാണ് യൂർഗൻ ക്ലോപ്പ് ടീമിന് 19ാം ലീഗ് കിരീടം നേടിക്കൊടുത്തത്. മുമ്പ് അഞ്ച് മത്സരങ്ങൾ ബാക്കി നിൽക്കേ കപ്പടിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റേയും സിറ്റിയുടെയും റെക്കോഡ് യൂര്‍ഗര്‍ ക്ലോപ്പും സംഘവും പഴങ്കഥയാക്കി.