ജയ്പുര്‍: ബ്രിട്ടീഷുകാര്‍ പോലും ഇന്ത്യന്‍ കര്‍ഷകരുടെ മുന്നില്‍ പിടിച്ചു നിന്നിട്ടില്ലെന്നും പിന്നെ ആരാണീ നരേന്ദ്രമോദിയെന്നും രാഹുല്‍ ഗാന്ധി. കര്‍ഷക ബില്ലുകള്‍ കേന്ദ്രത്തിന് പിന്‍വലിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ഗംഗാധര്‍ ജില്ലയിലെ പദംപുര്‍ ടൗണില്‍ നടന്ന കര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ 40 ശതമാനം ആളുകളും ചെയ്യുന്ന പ്രവര്‍ത്തിയാണ് കൃഷി. ഭാരതമാതാവിന്റെ ജോലിയാണത്. അവരാണ് രാജ്യത്തെ കോടിക്കണക്കിന് മനുഷ്യര്‍ക്ക് ആഹാരം തരുന്നത്. കര്‍ഷക പ്രക്ഷോഭം രാജ്യത്താകമാനം പടരുമെന്നും ഇത് ഒരു വിഭാഗത്തിന്റെ മാത്രം പോരാട്ടമല്ലെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യയിലെ തൊഴിലാളികളുടേയും കച്ചവടക്കാരുടേയും കലാകാരന്മാരുടേയും പാവപ്പെട്ടവരുടേയും പണക്കാരുടേയുമൊക്കെ പോരാട്ടമാണിതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.