തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് ബഡായി ആണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള പൊള്ളയായ പ്രഖ്യാപനങ്ങള്‍ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാഥാര്‍ത്ഥ്യ ബോധം ഇല്ലാത്ത പ്രഖ്യാപനങ്ങള്‍ മാത്രമാണ് ബജറ്റിലുളളതെന്നും ചെന്നിത്തല. തകര്‍ന്ന സമ്പദ് വ്യവസ്ഥയ്ക്ക് ഒരു ആശ്വാസ നടപടിയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മത്സ്യത്തൊഴിലാളികളെയും റബ്ബര്‍ കര്‍ഷകരെയും വഞ്ചിക്കുന്നതാണ് ബജറ്റ്. നൂറു ദിന പരിപാടികളുടെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. കിഫ്ബിയില്‍ 60,000 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍ 6000 കോടിയുടെ പദ്ധതി പോലും തുടങ്ങിയിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാരെയും ബജറ്റ് കബളിപ്പിക്കുകയാണ്. ഏപ്രിലില്‍ ശമ്പള പരിഷ്‌കരണം നടത്തുമെന്നാണ് പ്രഖ്യാപനം. പക്ഷേ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഉത്തരവിറക്കാനാകില്ല. മൂന്ന് മണിക്കൂര്‍ അവതരിപ്പിച്ചു എന്നത് മാത്രമാണ് ബജറ്റിന്റെ നേട്ടമെന്നും ചെന്നിത്തല പറഞ്ഞു.
കടമെടുത്ത് കേരളത്തെ മുടിക്കുകയാണ്. ഇതെല്ലാം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്. കോവിഡാന്ത്ര കാലത്ത് ജനങ്ങളുടെ കൈയ്യില്‍ നേരിട്ട് പണമെത്തിക്കാനോ അവരെ സഹായിക്കാനോ ഒരു പദ്ധതിയും നടന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. മല എലിയെ പ്രസവിച്ചുവെന്ന് പറയുന്നത് പോലെയാണ് ഐസക്ക് കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ബജറ്റെന്നും ചെന്നിത്തല പരിഹസിച്ചു.