തിരുവനന്തപുരം: നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ. എൽ. വി. രാമകൃഷ്ണൻ കേരള സംഗീത നാടക അക്കാദമിയിൽ നിന്നുണ്ടായ അധിക്ഷേപത്തിന്റെ പേരിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.
സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. കേരള സംഗീത നാടക അക്കാദമി അധ്യക്ഷയും അക്കാദമി സെക്രട്ടറിയും റിപ്പോർട്ട് ഹാജരാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.ആർ. എൽ വി രാമകൃഷ്ണന് മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് ഉണ്ടെന്നും ദളിത് വിഭാഗത്തിലുള്ളയാളായതു കൊണ്ടു മാത്രമാണ് അദ്ദേഹം അക്കാദമിയുടെ ഓൺലൈൻ ക്ലാസിൽ നിന്നും പിന്തള്ളപ്പെട്ടതെന്നും മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസ്വാമി സമർപ്പിച്ച പരാതിയിൽ പറയുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് ഉത്തരവിൽ പറയുന്നു.