ഖത്തറിലെ വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ സേവന നികുതി നല്‍കേണ്ടി വരും
ദോഹ : ലോകകപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ രാജ്യത്തെ വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് പാസഞ്ചര്‍ ഫീ ഏര്‍പ്പെടുത്തി ഖത്തര്‍ വ്യോമയാന അഥോറിറ്റി ഉത്തരവിറക്കി.
ഏപ്രില്‍ ഒന്നുമുതലാണ് പുതിയ നിയമം നടപ്പില്‍ വരുക. ഖത്തറിലെ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്നവര്‍ക്കും പോകുന്നവര്‍ക്കും ട്രാന്‍സിസ്റ്റ് വീസയിലെത്തുന്നവര്‍ക്കും പുതിയ ഫീസ് ബാധകമാണ്.
പ്രവാസികളായ യാത്രക്കാരെയാകും ഇത് പ്രതികൂലമായി ബാധിക്കുക. അവധിക്കാലത്ത് നാട്ടിലേക്ക് പോകുന്നവരും തിരികെ മടങ്ങുന്നവര്‍ക്കും കുത്തനെ വര്‍ദ്ധിക്കുന്ന ടിക്കറ്റ് നിരക്കിനൊപ്പം എയര്‍പോര്‍ട്ട് ഫീസും നല്‍കേണ്ടി വരും. കോവിഡ് കാലത്തെ പിസിആര്‍ റാപിഡ് ടെസ്റ്റുകള്‍ക്ക് വരുന്ന ചെലവുകള്‍ക്ക് പുറമേയാണിത്.
സുരക്ഷ, ചരക്ക് സേവന നികുതി എന്ന നിലയിലാണ് യാത്രക്കാരില്‍ നിന്ന് പുതിയ ഫീസ് ഈടാക്കുക. ഖത്തറിലേക്കുള്ള ടിക്കറ്റുകളില്‍ നിന്ന് വിമാന കമ്പനികളായിരിക്കും ഇത് പിരിക്കുക.
ഫെബ്രുവരി 1, 2022 നു ശേഷം ബുക്ക് ചെയ്യുന്ന എല്ലാ ടിക്കറ്റുകളിലും ഈ നിരക്ക് ബാധകമായിരിക്കും.
ഒരു യാത്രക്കാരനില്‍ നിന്ന് 130 ഖത്തര്‍ റിയാലാകും ഫീസായി ഇടാക്കുക. ഇതില്‍ 60 റിയാല്‍ വീതം എയര്‍പോര്‍ട്ട് വികസന ഫീസും, പാസഞ്ചര്‍ ഫസിലീറ്റീസ് ഫീസും ആയിരിക്കും. പത്ത് ഖത്തര്‍ റിയാല്‍ യാത്രക്കാരുടെ സുരക്ഷയ്ക്കുള്ള ഫീസായും ഈടാക്കും.
രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും, വിമാന ജീവനക്കാര്‍ക്കും ഒരേ വിമാനത്തില്‍ തന്നെ ട്രാന്‍സ്സിസ്റ്റ് യാത്രക്കാരായിട്ടുള്ളവരേയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.