സൗദി അറേബ്യയുടെ തെക്കന്‍ പ്രവിശ്യയായ ജിസാനില്‍ ഹൂതി വിമത സേന നടത്തിയ റോക്കറ്റ് ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഖത്തര്‍ വിദേശ കാര്യ മന്ത്രാലയം .
ദോഹ : ഹൂതി സേന സൗദിയിലെ ജനവാസ മേഖലയില്‍ നടത്തിയ ആക്രമണങ്ങളെ അപലപിക്കുന്നതായും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഖത്തര്‍ വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
#Qatar strongly condemns the attack on Jazan #Saudi Arabia#MOFAQatar pic.twitter.com/DCoR6rtVrr
— Ministry of Foreign Affairs – Qatar (@MofaQatar_EN) December 25, 2021
സിവിലിയന്‍ മേഖലകളില്‍ നടത്തുന്ന ആക്രമണങ്ങള്‍ എന്ത് ലക്ഷ്യത്തിന്റെ പേരിലായാലും എതിര്‍ക്കപ്പെടേണ്ടതാണെന്നാണ് ഖത്തറിന്റെ എക്കാലത്തേയും നിലപാട്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും ഇവരുടെ മരണത്തില്‍ അനുശോചിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
യെമനുമായി അതിര്‍ത്തി പങ്കിടുന്ന സൗദി പ്രവിശ്യയായ ജിസാനിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരേയാണ് ഹൂതികളുടെ റോക്കറ്റുകള്‍ ശനിയാഴ്ച പതിച്ചത്. രണ്ട് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി വാഹനങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. സൗദിക്കെതിരായ ആക്രമണങ്ങളെ യുഎഇ ഉള്‍പ്പെടുന്ന ജിസിസി രാജ്യങ്ങളും ഇതര രാജ്യാന്തര സമൂഹവും ശക്തമായി അപലപിച്ചു.
സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും യെമനിലെ വിമതസേനയായ ഹൂതികളും തമ്മിലുള്ള സംഘര്‍ഷം 2014 ലാണ് തുടങ്ങിയത്. ഇടയ്ക്ക് അയവു വന്ന സംഘര്‍ഷം അടുത്തിടെ രൂക്ഷമായിരിരിക്കുകയാണ്.












