ഹൈദരാബാദിന്റെ ഓപ്പണർ ബെയർസ്റ്റോയുടെ ബാറ്റിംഗ് കരുത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ഉജ്ജ്വല വിജയം. ഹൈദരാബാദ് 69 റൺസിനാണ് പഞ്ചാബിനെ തകർത്തത്. റഷീദ്ഖാൻ്റെ ബൗളിംഗ് പ്രകടനവും ഹൈദരാബാദ് വിജയത്തിൽ നിർണ്ണായകമായി.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് അടിച്ചെടുത്തത്. ഒന്നാം വിക്കറ്റിൽ ബെയർസ്റ്റോയും വാർണറും ചേർന്ന് പഞ്ചാബ് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചു. 16-ാം ഓവറിലാണ് കൂട്ടുകെട്ട് പിരിഞ്ഞത്. 52 റൺസെടുത്ത വാർണറെയും 97 റൺസെടുത്ത ബെയർസ്റ്റോയേയും പുറത്താക്കി ബിഷ്ണോയ് ആണ് കൂറ്റൻ സ്കോറിലേക്ക് കുതിച്ച ഹൈദരാബാദിന് തടയിട്ടത്. അവസാന അഞ്ച് ഓവറിൽ 41 റൺസെടുക്കാനേ ഹൈദരാബാദിന് കഴിഞ്ഞുള്ളൂ.
മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന്റെ മുൻനിര ബാറ്റ്സ്മാൻമാരെല്ലാം നിരാശപ്പെടുത്തി. ക്യാപ്റ്റൻ കെ എൽ രാഹുൽ ഉൾപ്പെടെയുള്ളവർ നിലയുറപ്പിക്കും മുമ്പ് തിരിച്ചുകയറി. നിക്കോളാസ് പുരാൻ്റെ ഒറ്റയാൾ പോരാട്ടമാണ് പഞ്ചാബിനെ നാണക്കേടിൽ നിന്ന് കരകയറ്റിയത്. 37 പന്തിൽ 77 റൺസെടുത്ത പുരാനെ, റഷീദ്ഖാൻ പുറത്താക്കി. ഇതിനിടെ ഈ സീസണിലെ വേഗമേറിയ അർദ്ധ സെഞ്ച്വറിയും പുരാൻ കുറിച്ചു. 17 ബോളിലാണ് പുരാൻ 50 തികച്ചത്. പുരാൻ പുറത്തായതോടെ പഞ്ചാബിൻ്റെ പോരാട്ടം ഏതാണ്ട് അവസാനിച്ചു. 16.5 ഓവറിൽ 132 റൺസിന് പഞ്ചാബ് ഓൾ ഔട്ടായി. ഹൈദരാബാദിനായി റഷീദ് ഖാൻ മൂന്ന് വിക്കറ്റെടുത്തു.



















