മുംബൈ: പൂനൈ ജഹാംഗിര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ സമരത്തില്‍. പിപിഇ കിറ്റ് ധരിച്ച് പന്ത്രണ്ട് മണിക്കൂറിലധികം ജോലി ചെയ്യുന്നതില്‍ പ്രതിഷേധിച്ച് 150 ഓളം നഴ്‌സുമാരാണ് സമരത്തിനിറങ്ങിയത്. പൂനെയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നഴ്‌സുമാരുടെ പ്രതിഷേധം. അതേസമയം മതിയായ ശമ്പളം ലഭിക്കുന്നില്ലെന്ന ആരോപണവും ഉയര്‍ന്നു വരുന്നുണ്ട്.
തങ്ങളുടെ പ്രശ്‌നങ്ങള്‍ മാനേജ്‌മെന്റിനെ അറിയിച്ചെങ്കിലും അഭ്യര്‍ത്ഥനകള്‍ അവഗണിക്കുകയായിരുന്നുവെന്ന് നഴ്‌സുമാര്‍ പറയുന്നു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് നഴ്‌സുമാര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ മാനേജ്‌മെന്റിനെ അറിയിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മെച്ചപ്പെട്ട ജോലി സാഹചര്യം നല്‍കണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചിരുന്നു. മാനേജ്‌മെന്റിന് പുറമേ ജില്ലാ കളക്ടര്‍ക്കും പൂനെ മുന്‍സിപ്പള്‍ കമ്മീഷണര്‍ക്കും നഴ്‌സുമാര്‍ പരാതി നല്‍കിയിട്ടുണ്ട്.
പിപിഇ കിറ്റ് ഉപയോഗിച്ചുകൊണ്ടുളള നഴ്‌സുമാരുടെ ഡ്യൂട്ടി സമയം ആറ് മണിക്കൂറില്‍ കൂടരുതെന്നും മതിയായ വിശ്രമം അനുവദിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. കോവിഡ് കാലത്ത് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകര്‍ക്കിടയിലെ ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ ആശങ്കയ്ക്കിടയാക്കുന്നവയാണ്. പൂനെയില്‍ കോവിഡ് കേസുകളുടെ നിരക്ക് 20 ശതമാനത്തിന് മുകളിലാണുളളത്.












