തിരുവനന്തപുരം: സമരം തുടരുന്ന ഉദ്യോഗാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് നാളെ വ്യക്തമാക്കിയേക്കും. നാളെ വൈകുന്നേരത്തിനുള്ളില്‍ അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ നിരാഹാര സമരത്തിലേക്ക് കടക്കാനാണ് എല്‍ജിഎസ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം. സംസ്ഥാനത്ത് ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെങ്കിലും ഉന്നയിച്ച ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പ് ലഭിക്കും വരെ സമരം തുടരാനാണ് എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. സര്‍ക്കാര്‍ തീരുമാനം വൈകിപ്പിച്ചാല്‍ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്നും ഉദ്യോഗാര്‍ഥികള്‍ വ്യക്തമാക്കുന്നു.
സി.പി.ഒ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളും സമരം തുടരാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നിരാഹാര സമരവും തുടരുകയാണ്. സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം വന്നശേഷമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് നേതാക്കള്‍. സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരപന്തലിലെത്തി.ഉദ്യോഗാര്‍ഥികളുമായി മന്ത്രിമാര്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഉദ്യോഗാര്‍ഥികള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാമെന്ന് ഉറപ്പിലാണ് കഴിഞ്ഞ ദിവസം ചര്‍ച്ച അവസാനിച്ചത്.എന്നാല്‍ ഉദ്യോഗാര്‍ഥികളെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിക്കാനുള്ള സാധ്യതയുമുണ്ട്.











