തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാരിന്റെ ചര്‍ച്ച ഇന്ന്. സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുമായി മന്ത്രി എ. കെ ബാലന്‍ ചര്‍ച്ച നടത്തും. രാവിലെ 11 മണിക്കാണ് ചര്‍ച്ച.
റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, സമയബന്ധിതമായി നിയമനം നടത്തുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് എല്‍ജിഎസ് – സിപിഒ ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തിലാണ് ഇന്ന് മന്ത്രിതല ചര്‍ച്ച. വിഷയത്തില്‍ ഇതാദ്യമായാണ് മന്ത്രിതല ചര്‍ച്ചക്ക് വഴിയൊരുങ്ങുന്നത്. നേരത്തെ നടന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ ഉദ്യോഗാര്‍ഥികള്‍ മുന്നോട്ട് വെച്ച കാര്യങ്ങള്‍ മന്ത്രി പരിശോധിക്കും.
എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന സമരം 34ആം ദിവസത്തിലേക്കും സിപിഒ ഉദ്യോഗാര്‍ഥികളുടെ സമരം 22ആം ദിവസത്തിലേക്കും കടന്നു. ചര്‍ച്ചയില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ഥികള്‍. അതേസമയം റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തണം എന്നാവശ്യപ്പെട്ട് ആള്‍ കേരളാ റിസര്‍വ് വാച്ചര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തിവരുന്ന അനിശ്ചിതകാല സമരവും തുടരുകയാണ്. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ തങ്ങളെയും പങ്കെടുപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന നിരാഹാര സമരവും തുടരുകയാണ്.