പ്രശസ്ത തെയ്യം കലാകാരന്‍ പള്ളിക്കര ഏഷ്യാഡ് കുഞ്ഞിരാമന്‍ അന്തരിച്ചു. 73 വയസായിരുന്നു. 1982 ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യാഡില്‍ കേരള കലയെ പ്രതിനിധാനം ചെയ്ത് തെയ്യം അവതരിപ്പിച്ചാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്.
പന്ത്രണ്ടാം വയസില്‍ കുട്ടിത്തെയ്യം കെട്ടിയാണ് കുഞ്ഞിരാമന്‍ ഈ രംഗത്തേക്ക് കടന്നുവന്നത്. പതിനേഴാം വയസ് മുതലായിരുന്നു തിറകെട്ടി ആടാന്‍ തുടങ്ങിയത്. അച്ഛനും, പിതൃ സഹോദരങ്ങളും അമ്മച്ഛനുമായിരുന്നു ഗുരുക്കന്മാര്‍.
തെയ്യങ്ങളുടെ ആടയാഭരണങ്ങള്‍ നിര്‍മിക്കുന്നതിലും മുഖത്തെഴുത്ത്, തോറ്റംപാട്ട് എന്നിവയിലെല്ലാം അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. മലബാറിലെ 39-ഓളം ക്ഷേത്രങ്ങളില്‍ കുഞ്ഞിരാമന്‍ തെയ്യം കെട്ടി ആടിയിട്ടുണ്ട്. എഐആറിലും, ദൂരദര്‍ശനിലും തെയ്യം, തോറ്റംപാട്ട് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
തെയ്യങ്ങളുടെയും ക്ഷേത്രങ്ങളുടെയും പുരാവൃത്തങ്ങളെക്കുറിച്ചുള്ള അവഗാഹമുള്ള വൈദ്യര്‍, ഉത്തരമലബാറിലെ ചെറുതും വലുതുമായ മിക്ക കളിയാട്ടങ്ങളിലും പങ്കെടുത്തിട്ടുണ്ട്. എല്ലാ തെയ്യക്കോലങ്ങളുടെയും തോറ്റം പാട്ടുകള്‍ വൈദ്യര്‍ക്ക് മനഃപാഠമാണ്. അതിനാല്‍തന്നെ ഒളവറ മുതല്‍ മുനയന്‍കുന്ന് വരെയുള്ള കളിയാട്ടസ്ഥലങ്ങളിലെല്ലാം തെയ്യങ്ങളെ തോറ്റിയുണര്‍ത്താന്‍ ഇദ്ദേഹമുണ്ടാകുമായിരുന്നു. സ്വദേശത്തും വിദേശത്തുമായി നിരവധി ശിഷ്യന്മാര്‍ ഉണ്ട്. അമേരിക്കയിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ജെ.റിച്ചാര്‍ഡ്‌സ് ഫ്രീമന്‍, ജാപ്പാനീസ് ഗവേഷക വിദ്യാര്‍ഥിനി മയൂരി കോഹ തുടങ്ങിയവര്‍ വൈദ്യരുടെ ശിഷ്യന്മാരായിരുന്നു.
തെയ്യം മുഖത്തെഴുത്തിലെ പ്രാവീണ്യത്തെ മാനിച്ചുകൊണ്ട് 2005 ല്‍ കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. 1982 ല്‍ ഡല്‍ഹി ഏഷ്യാഡിന്റെ ഉദ്ഘാടനച്ചടങ്ങിലും കൊല്‍ക്കത്തയില്‍ നടന്ന ലോകോത്സവത്തിലും മുംബൈ, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും 1987 ലെ തിരുവനന്തപുരം നാഷണല്‍ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലും വൈദ്യരുടെ സംഘം തെയ്യം അവതരിപ്പിച്ചിട്ടുണ്ട്. കെ.വി ലീലയാണ് ഭാര്യ. കെ.വി ഹേമലത (വലിയപറമ്പ), കെ.വി രാജേഷ് (കൊടക്കാട് ബാങ്ക്), കെ.വി മിനി എന്നിവര്‍ മക്കളാണ്.