ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരടക്കമുളള പതിനായിരത്തോളം ഇന്ത്യക്കാരെ ചൈന നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ചൈനീസ് സര്‍ക്കാരുമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുത്ത് ബന്ധമുളള ഷെന്‍ഹായി ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി പതിനായിരത്തോളം വ്യക്തികളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയും ചൈനയും തമ്മിലുളള അതിര്‍ത്തി തര്‍ക്കം മുറുകുന്നതിനിടെ പ്രധാനമന്ത്രി, രാഷ്ട്രപതി, സംയുക്ത സേനാ മേധാവി എന്നിവര്‍ നിരീക്ഷണത്തിലാകുന്നത് ഏറെ പ്രാധാന്യമുളളതാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ്ഡാറ്റ ടൂളുകള്‍ ഉപയോഗിച്ചാണ് നിരീക്ഷണമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് സര്‍ക്കാരും രഹസ്യാന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ഇന്ത്യന്‍ നാവിക സേനയും വ്യോമസേനയും കമ്പനിയുടെ നിരീക്ഷണത്തിലുണ്ട്.
ഗാന്ധി കുടുംബം, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ്ങ്്, ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി, പീയുഷ് ഗോയാല്‍, രവിശങ്കര്‍ പ്രസാദ് മുഖ്യമന്ത്രിമാരായ അശോക് ഗെഹ് ലോട്ട്, മമതാ ബാനര്‍ജി, ഉദ്ദവ്വ് താക്കറെ, ശിവരാജ് സിംഗ് ചൗഹാന്‍, അമരീന്ദര്‍ സിംങ്ങ് എന്നിവരും കമ്പനിയുടെ നിരീക്ഷണത്തില്‍പ്പെടുന്നു. ശശി തരൂര്‍ ഉള്‍പ്പെടെ എഴുന്നൂറോളം രാഷ്ട്രീയ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, 350ഓളം പാര്‍ലമെന്റ് അംഗങ്ങള്‍, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍,സര്‍വ്വീസിലുള്ളതും വിരമിച്ചതുമായ സൈനികോദ്യോഗസ്ഥര്‍, വ്യാവസായിക പ്രമുഖര്‍ എന്നിവരും പട്ടികയിലുണ്ട്.
അതേസമയം വാര്‍ത്തയോട് പ്രതികരിക്കാന്‍ ഇതുവരെ കമ്പനി തയ്യാറായിട്ടില്ല. ഇത്തരത്തില്‍ ഇന്ത്യക്കാരെ നിരീക്ഷിക്കാന്‍ ആരെയും ചൈനീസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ലയെന്നാണ് ഡല്‍ഹിയിലെ ചൈനീസ് എംബസി വ്യക്തമാക്കിയത്.