അറേബ്യന്‍ പെനിസുലയിലെ ഏറ്റവും വലിയ കതോലിക്കാ ദേവാലയത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി ഒരുക്കള്‍ പൂര്‍ത്തിയായി
മനാമ: മധ്യപൂര്‍വ്വ ദേശത്തെ ഏറ്റവും വലിയ കത്രീഡലായ ഔവര്‍ ലേഡി ഓഫ് അറേബ്യയില്‍ ആദ്യ ക്രിസ്തുമസ് ആഘോഷങ്ങളും ആരാധനകള്‍ക്കുമായുള്ള ഒരുക്കള്‍ പൂര്‍ത്തിയായി.
ഡിസംബര്‍ ഒമ്പതിനാണ് കത്രീഡല്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തത്. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ രാജാവാണ് കത്രീഡലിന്റെ ഔദ്യോഗിക ഉദ്ധഘാടനം നിര്‍വഹിച്ചത്.
2013 ലാണ് പള്ളിയുടെ നിര്‍മാണത്തിന് ബഹ്‌റൈന്‍ ഭരണകൂടം അനുമതി നല്‍കിയത്. തുടര്‍ന്ന് രാജാവ് സമ്മാനമായി നല്‍കിയ ഭൂമിയില്‍ ദേവാലയത്തിന്റെ നിര്‍മാണം ആരംഭിച്ചു.
രാജ്യ തലസ്ഥാനമായ മനാമയില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ അകലെ ആവാലിയില്‍ ദേവാലയം സ്ഥിതി ചെയ്യുന്നത്.
ഇന്ത്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള കതോലിക്കാ വിശ്വാസികളാണ് ബഹ്‌റൈനില്‍ ഏറെയും. ഏകദേശം എണ്‍പതിനായിരം ക്രൈസ്തവ വിശ്വാസികള്‍ ബഹ്‌റൈനില്‍ ഉണ്ടെന്നാണ് കണക്കുകള്‍.
കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ക്രിസ്തുമസ് ആഘോഷമാണ് ഇവിടെ നടക്കുക. 2500 പേരെ ഒരേ സമയം ഉള്‍ക്കൊള്ളാനാകുന്ന ദേവാലയത്തില്‍ ഇക്കുറി ആയിരത്തോളം പേര്‍ക്ക് മാത്രമാണ് ഒരേ സമയം പ്രവേശനം അനുവദിക്കുക.
ക്രിസ്തുമസ് ദിന പാതിരാ കുര്‍ബാനയ്ക്കും മറ്റുമായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരും ക്ഷണിക്കപ്പെട്ടവരുമായ ആയിരത്തോളം പേര്‍ക്ക് മാത്രമാകും പ്രവേശനമെന്ന് ദേവാലയ വികാരിയും മലയാളിയുമായ ഫാ സജി മാത്യൂ അറിയിച്ചു. കോവിഡ് വാക്‌സിന്‍ പൂര്‍ണതോതില്‍ എടുത്തവര്‍ക്കു മാത്രമേ ദേവാലയത്തില്‍ പ്രവേശനം അനുവദിക്കുകയുള്ളു.